ഖമേനിയെ കൊലപ്പെടുത്തിയവർക്കെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം നടത്തും; ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണിയുമായി ഇറാൻ

ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം നടത്തുമെന്ന് ഇറാൻ്റെ ഭീഷണി. ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ കടുത്ത ഭീഷണിയാണ് ഇറാൻ്റെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡ്‌സ് മുഴക്കിയത്., ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണം ഏതു നിമിഷവും ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്.

ശനിയാഴ്ച അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെ, ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ ഔദ്യോഗിക സംവിധാനങ്ങൾ പ്രതിജ്ഞയെടുക്കുകയായിരുന്നു.

“ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സായുധ സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണങ്ങൾ ഉടൻ തന്നെ അധിനിവേശ പ്രദേശങ്ങളിലേക്കും (ഇസ്രായേൽ) അമേരിക്കൻ തീവ്രവാദികളുടെ താവളങ്ങളിലേക്കും ആരംഭിക്കും,” ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകി. “ഈ വലിയ കുറ്റകൃത്യത്തിന് ഒരിക്കലും മറുപടി നൽകാതിരിക്കില്ലെന്നും ഇത് ഇസ്ലാമിക ലോകത്തിൻ്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുമെന്നും” ഇറാൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ഈ ആക്രമണം “ലോകത്തിലെ അടിച്ചമർത്തുന്നവർക്കെതിരെയുള്ള പോരാട്ടത്തിൽ ഒരു വലിയ ജനകീയ മുന്നേറ്റത്തിന് തുടക്കമിടുമെന്ന്” ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി. ഇറാനും സഖ്യകക്ഷികളും കൂടുതൽ കരുത്തോടെയും ദൃഢനിശ്ചയത്തോടെയും മുന്നോട്ട് പോകുമെന്നും കൗൺസിൽ അറിയിച്ചു.

Iran threatens Israel and the US with the largest attack in history against those who killed Khamenei