വാഷിങ്ടൺ: കാനഡയിൽ നിന്നുള്ള മദ്യം, പാലുൽപ്പന്നങ്ങൾ, മോട്ടോർസൈക്കിളുകൾ എന്നിവയുടെ ഇറക്കുമതിക്ക് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് ചൊവ്വാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുന്നതോടെ യുഎസിലെ മദ്യവിപണിയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കത്തിനിടെയാണ് സെപ്റ്റംബർ 8ന് ട്രംപ് ഇറക്കുമതി വിലക്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 29ന് അർധരാത്രി വിലക്ക് പ്രാബല്യത്തിൽ വരാനിരിക്കെ, യുഎസിൽ ഏറെ ജനപ്രിയമായ കനേഡിയൻ വിസ്കിയായ ക്രൗൺ റോയലും വിപണിയിൽനിന്ന് പുറത്താകുമെന്ന ആശങ്ക ഉയർന്നിരുന്നു.
നിലവിൽ ഡിയാജിയോയുടെ ഉടമസ്ഥതയിലുള്ള ക്രൗൺ റോയൽ യുഎസ് വിപണിയിലെത്തിയതു മുതൽ അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ ഏറെ പ്രചാരമുള്ള ബ്രാൻഡാണ്. വിലക്ക് പ്രാബല്യത്തിൽ വരാനിരിക്കെ, ക്രൗൺ റോയൽ വിസ്കി ഇനി യുഎസിലെ മദ്യശാലകളിൽ ലഭിക്കില്ലെന്ന അവകാശവാദം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
കാനഡയിൽനിന്നുള്ള മദ്യ ഉൽപ്പന്നങ്ങളെയും വിലക്ക് ബാധിക്കുന്നതിനാൽ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടായിരുന്നു. എന്നാൽ ഇറക്കുമതി നിയന്ത്രണത്തിലെ ഒരു വ്യവസ്ഥയുടെ ആനുകൂല്യം ലഭിക്കുന്നതിനാൽ ക്രൗൺ റോയൽ വിസ്കിക്ക് യുഎസിൽ നിരോധനം ബാധകമാകില്ല. നിരോധിക്കുമെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പോസ്റ്റുകൾക്ക് ആയിരക്കണക്കിന് കാഴ്ചകൾ ലഭിച്ചതോടെ വിഷയം കൂടുതൽ ശ്രദ്ധ നേടി.
നാല് ലിറ്ററിൽ കൂടുതലുള്ള കണ്ടെയ്‌നറുകളിൽ കയറ്റി അയയ്ക്കുന്ന മദ്യത്തിന് വിലക്ക് ബാധകമല്ലെന്ന വ്യവസ്ഥയാണ് ക്രൗൺ റോയലിന് ആശ്വാസമാകുന്നത്. ക്രൗൺ റോയലിന് യുഎസിൽ പാക്കേജിങ് സൗകര്യങ്ങളുണ്ട്. വിസ്കി ബാരലുകളിലാണ് കമ്പനി യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്നത്. തുടർന്ന് യുഎസിൽ തന്നെ അവ സംസ്കരിച്ച് കുപ്പികളിലാക്കി വിപണിയിലെത്തിക്കുന്നു. അതിനാൽ പുതിയ ഇറക്കുമതി വിലക്ക് ക്രൗൺ റോയലിനെ ബാധിക്കില്ല. യുഎസിൽ ചില ബോട്ട്ലിങ് പ്ലാന്റുകളുള്ള ലാബട്ട് ബ്രൂയിങ് കമ്പനിക്കും സമാനമായ ഇളവ് ലഭിക്കും.
അതേസമയം, കുപ്പികളിലാക്കി നേരിട്ട് മദ്യം ഇറക്കുമതി ചെയ്യുന്ന സ്വതന്ത്ര ഡിസ്റ്റിലറികൾക്കായിരിക്കും പുതിയ നിയന്ത്രണത്തിന്റെ പ്രധാന ആഘാതമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മദ്യത്തിന് പുറമെ കാനഡയിൽനിന്നുള്ള പാലുൽപ്പന്നങ്ങൾക്കും മോട്ടോർസൈക്കിളുകൾക്കും ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി വിലക്ക് ബാധകമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിവർഷം ഏകദേശം 880 ബില്യൺ ഡോളറിന്റെ വ്യാപാരത്തിൽ ഏകദേശം 1 ബില്യൺ ഡോളറിന്റെ വ്യാപാരത്തെ പുതിയ നിയന്ത്രണം ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
പാലുൽപ്പന്നങ്ങൾ, വാഹനങ്ങൾ, മദ്യം എന്നിവയുടെ കയറ്റുമതിയിൽ കാനഡ യുഎസിനോട് “വിവേചനം” കാണിക്കുന്നതിനുള്ള തിരിച്ചടിയാണ് ഇറക്കുമതി വിലക്കെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്.
Is Trump banning Crown Royal whiskey? Fact checking claim as Canadian import ban hits alcohol stores













