
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ 10 ബില്യൺ ഡോളറിന്റെ (ഏകദേശം 92,260 കോടി ഇന്ത്യൻ രൂപ) മാനനഷ്ടക്കേസുമായി മുന്നോട്ട് പോകാൻ അനുവദിച്ച യുഎസ് ഫെഡറൽ ജഡ്ജിയുടെ ഉത്തരവിനെതിരെ ബിബിസി അടിയന്തര അപ്പീൽ നൽകി. ഫ്ലോറിഡ കോടതിക്ക് ഈ കേസ് പരിഗണിക്കാൻ അധികാരപരിധിയില്ലെന്ന് ചൂണ്ടിക്കാട്ടി ‘യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി ഇലവൻത് സർക്യൂട്ടിലാണ്’ ബിബിസി അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.
2021 ജനുവരി 6-ന് യുഎസ് ക്യാപിറ്റോൾ കലാപത്തിന് തൊട്ടുമുമ്പ് ട്രംപ് നടത്തിയ പ്രസംഗം, ബിബിസിയുടെ ‘പനോരമ’ എന്ന പരിപാടിയിൽ എഡിറ്റ് ചെയ്ത് പ്രക്ഷേപണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ഈ ഭീമമായ തുകയ്ക്കുള്ള കേസ്. പ്രസംഗം മനഃപൂർവ്വവും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും എഡിറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് ട്രംപ് ബിബിസിക്കെതിരെ കോടതിയെ സമീപിച്ചത്.
എന്നാൽ, തങ്ങളുടെ വാദങ്ങൾ ആവർത്തിച്ച ബിബിസി വക്താവ്, ഈ ഡോക്യുമെന്ററി യുകെയിൽ മാത്രമാണ് സംപ്രേഷണം ചെയ്തതെന്ന് വ്യക്തമാക്കി. ഫ്ലോറിഡയിൽ ആരെങ്കിലും ഈ പരിപാടി കണ്ടതിന് യാതൊരു തെളിവുമില്ലെന്നും, അമേരിക്കയിൽ ഈ ഡോക്യുമെന്ററി ലഭ്യമാകാതിരിക്കാൻ കർശനമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും അപ്പീലിൽ ബിബിസി ചൂണ്ടിക്കാട്ടുന്നു. കേസ് ഫ്ലോറിഡയിൽ പരിഗണിക്കാനുള്ള കോടതി തീരുമാനം നിരാശാജനകവും ആശ്ചര്യപ്പെടുത്തുന്നതുമാണെന്ന് ബിബിസി പ്രതികരിച്ചു.
2024-ൽ സംപ്രേഷണം ചെയ്ത ‘ട്രംപ്: എ സെക്കൻഡ് ചാൻസ്’ എന്ന എപ്പിസോഡിലെ എഡിറ്റിംഗിൽ ബിബിസി നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. ട്രംപ് അക്രമത്തിന് നേരിട്ട് ആഹ്വാനം ചെയ്തു എന്ന തെറ്റായ ധാരണ നൽകാൻ ആ എഡിറ്റിംഗ് കാരണമായെന്ന് ബിബിസി സമ്മതിച്ചെങ്കിലും, ഇത് മാനനഷ്ടത്തിന്റെ നിയമപരമായ പരിധിയിൽ വരില്ലെന്നാണ് കോർപ്പറേഷന്റെ നിലപാട്.
കേസ് തള്ളിക്കളയണമെന്ന ബിബിസിയുടെ ആവശ്യം നിരസിച്ച ഫെഡറൽ ജഡ്ജി കേസ് മുന്നോട്ട് പോകാൻ ആവശ്യമായ പ്രാഥമിക തെളിവുകൾ ട്രംപിന്റെ ആരോപണങ്ങളിലുണ്ടെന്ന് ഈ മാസം ആദ്യം വിധിച്ചിരുന്നു. ഇതിനെ ‘വലിയ വിജയം’ എന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ വിശേഷിപ്പിച്ചത്. കേസിന്റെ ഭാഗമായി ജനുവരി 22-നകം സത്യപ്രതിജ്ഞ ചെയ്ത് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ട്രംപിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്ലിൽ 2027 മെയ് 3-നാണ് കേസിന്റെ വിചാരണ നിശ്ചയിച്ചിരിക്കുന്നത്.
Trump’s $10 billion defamation lawsuit: BBC files urgent appeal against US court order















