30,000 അടി ഉയരത്തിൽ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; വൻ ദുരന്തം ഒഴിവായത് യാത്രക്കാരുടെ സമയോചിത ഇടപെടലിൽ, ഷിക്കാഗോ വിമാനത്തിന് ഫീനിക്സിൽ അടിയന്തര ലാൻഡിംഗ്

ഫീനിക്സ്: അമേരിക്കയിലെ ഷിക്കാഗോയിലേക്ക് പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ആകാശത്തുവെച്ച് വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ സഹയാത്രികരും വിമാന ജീവനക്കാരും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തി. സംഭവത്തെതുടർന്ന് വിമാനം വഴിതിരിച്ചുവിട്ട് ഫീനിക്സിൽ അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരുടെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.

ബുധനാഴ്ച പുലർച്ചെ സാൻ ഡിയാഗോയിൽ നിന്ന് ഷിക്കാഗോ ഒഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 1494-ലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം അരിസോണ-കാലിഫോർണിയ അതിർത്തിക്ക് മുകളിലൂടെ പറക്കുമ്പോഴായിരുന്നു സംഭവം. രാത്രികാല വിമാനമായിരുന്നതിനാൽ മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു.

തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റ യാത്രക്കാരൻ വിമാനത്തിന്റെ മുൻഭാഗത്തേക്ക് നടക്കുകയും, സീറ്റിലേക്ക് മടങ്ങാനുള്ള ജീവനക്കാരുടെ ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ അവഗണിച്ച് എക്സിറ്റ് ഡോർ ബലമായി തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ ശബ്ദം കേട്ട് ഉണർന്ന യാത്രക്കാർ ഉടൻതന്നെ മുൻഭാഗത്തേക്ക് ഓടിയെത്തി. തുടർന്ന് ജീവനക്കാരും സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സഹയാത്രികരും ചേർന്ന് ഇയാളെ ബലമായി കീഴ്പ്പെടുത്തി. സിപ്പ്-ടൈ ഉപയോഗിച്ച് കൈകൾ ബന്ധിച്ച ഇയാളെ വിമാനം നിലത്തിറങ്ങുന്നത് കെട്ടിയിടുകയായിരുന്നു.

സംഭവത്തെ തുടർന്ന് വിമാനം വഴിതിരിച്ചുവിടുകയും പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെ ഫീനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്തു. വിമാനം നിലത്തിറങ്ങിയ ഉടൻ ഫീനിക്സ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. നിസ്സാര പരിക്കുകളുള്ളതിനാൽ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളില്ല.

ഉയരത്തിൽ പറക്കുമ്പോൾ ക്യാബിനിലെ ഉയർന്ന വായുസമ്മർദ്ദം കാരണം വാതിലുകൾ തുറക്കാൻ കഴിയില്ലെങ്കിലും, കോക്ക്പിറ്റിന് തൊട്ടടുത്തുണ്ടായ ഈ അപ്രതീക്ഷിത നീക്കം വിമാനത്തിൽ വലിയ പരിഭ്രാന്തി പരത്തി. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു.

A passenger who attempted to open the door of an American Airlines flight bound for Chicago while it was in the air was courageously subdued by fellow passengers and flight crew.

More Stories from this section

family-dental
witywide