ഇറാനിൽ ആക്രമണം ശക്തമാക്കാൻ ഇസ്രായേൽ; ലക്ഷ്യമിടുന്നത് കൂടുതൽ തന്ത്രപ്രധാന മേഖലകൾ, മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

ടെൽ അവീവ്: ഇസ്രായേലിലെ ജനവാസ മേഖലകൾക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനിലെ ഇസ്രായേൽ ആക്രമണങ്ങൾ കൂടുതൽ വിപുലമാക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേൽ പ്രതിരോധ സേനയുടെ വരാനിരിക്കുന്ന ആക്രമണങ്ങൾ ഇറാനിലെ കൂടുതൽ പുതിയ ലക്ഷ്യങ്ങളിലേക്കും മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇസ്രായേൽ പൗരന്മാർക്ക് നേരെയുള്ള ആക്രമണം നിർത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും താനും ഇറാനിലെ ‘ഭീകര ഭരണകൂടത്തിന്’ മുന്നറിയിപ്പ് നൽകിയിരുന്നതായി കാറ്റ്‌സ് പറഞ്ഞു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ച് മിസൈൽ വർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ആക്രമണം ശക്തമാക്കാൻ തീരുമാനിച്ചത്. ആയുധങ്ങൾ നിർമ്മിക്കാനും അവ പ്രവർത്തിപ്പിക്കാനും ഇറാനെ സഹായിക്കുന്ന തന്ത്രപ്രധാനമായ ഇടങ്ങളെയാകും ഇസ്രായേൽ ഇനി ലക്ഷ്യമിടുക.

അമേരിക്കയുമായി ചേർന്ന് യുദ്ധം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ നാല് ആഴ്ചകളായി ഇസ്രായേൽ ഇറാനിൽ തുടർച്ചയായി വ്യോമാക്രമണം നടത്തിവരികയാണ്. ഇറാന്റെ സൈനിക മേധാവികളെയും കമാൻഡർമാരെയും വധിക്കുന്നത് തുടരുമെന്നും കാറ്റ്‌സ് കൂട്ടിച്ചേർത്തു. വ്യാഴാഴ്ച ഇറാന്റെ റെവല്യൂഷണറി ഗാർഡ് നേവി കമാൻഡറെ വധിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. വരാനിരിക്കുന്ന വിപുലമായ സൈനിക നീക്കങ്ങൾ ഏതൊക്കെ മേഖലകളെ ബാധിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടില്ലെങ്കിലും, മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമാകുമെന്നാണ് ഈ പ്രസ്താവന നൽകുന്ന സൂചന.

More Stories from this section

family-dental
witywide