ന്യൂയോർക്ക്: പാകിസ്താനിൽനിന്നുള്ള അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പങ്കാളി രാജ്യങ്ങൾ വേണ്ടത്ര മനസ്സിലാക്കാത്തത് ബന്ധങ്ങളെ ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. വ്യാപാര ചർച്ചകളുടെ വേഗതയും സങ്കീർണതയും, താരിഫ് സംബന്ധിച്ച അനിശ്ചിതത്വം, ഭീകരവാദ വിഷയത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എന്നിവ ഇന്ത്യ–യുഎസ് ബന്ധത്തിൽ ചില തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ മുൻ യുഎസ് നയതന്ത്രജ്ഞൻ ഡാനിയൽ റസ്സലിനൊപ്പം സംസാരിക്കവേയാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ സാമ്പത്തിക ഘടന കാരണം വ്യാപാര ചർച്ചകൾ പ്രതീക്ഷിച്ചതിനേക്കാൾ സങ്കീർണമാണെന്നും യുഎസ് താരിഫ് നയത്തിലെ മാറ്റങ്ങൾ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിച്ചെന്നും വ്യാപാര കരാറിന്റെ കാര്യത്തിൽ ഇപ്പോൾ ഏകദേശം ധാരണയിലെത്തിയിട്ടുണ്ടെങ്കിലും യുഎസ് ഭാഗത്ത് എന്താണ് മാറിയതെന്നതാണ് പ്രധാന ചോദ്യമെന്നും ജയശങ്കർ വ്യക്തമാക്കി.
പ്രതികാര താരിഫുകൾ റദ്ദാക്കിയതിന് പിന്നാലെ യുഎസ് താരിഫ് സംവിധാനത്തിൽ മാറ്റങ്ങളുണ്ടായെന്നും സെക്ഷൻ 301 പ്രകാരമുള്ള പുതിയ നടപടിക്രമം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദം ഇന്ത്യയുടെ പ്രധാന ആശങ്കകളിലൊന്നാണ്. പാകിസ്താനിൽനിന്ന് പതിറ്റാണ്ടുകളായി ഇന്ത്യ നേരിടുന്ന ഭീകരാക്രമണങ്ങളാണ് ഇതിന് കാരണമെന്നും ഇന്ത്യയുടെ പ്രധാന ആശങ്കകളിലൊന്ന് പങ്കാളി രാജ്യം വേണ്ടത്ര മനസ്സിലാക്കുന്നില്ലെങ്കിൽ അതിന്റെ പ്രതിഫലനം ബന്ധത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ–യുഎസ് ബന്ധത്തിന്റെ മാറുന്ന സ്വഭാവത്തെക്കുറിച്ചും ജയശങ്കർ സംസാരിച്ചു. ലോകം ബഹുധ്രുവ സംവിധാനത്തിലേക്ക് നീങ്ങുകയാണെന്നും രാജ്യങ്ങൾ ഒരേസമയം നിരവധി പങ്കാളികളുമായി ബന്ധം നിലനിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈന, റഷ്യ, യുക്രെയ്ൻ, ഏഷ്യ, യൂറോപ്പ് എന്നിവയുമായുള്ള യുഎസിന്റെ ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. യുഎൻ പൊതുസഭാ സമ്മേളനത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെതിരെ ജയശങ്കർ വിമർശനം ഉന്നയിച്ച് ദിവസങ്ങൾക്കുശേഷമാണ് പുതിയ പരാമർശം.
പാകിസ്താൻ യുഎൻ പൊതുസഭയിൽ വസ്തുതകൾ തെറ്റായി അവതരിപ്പിച്ചെന്നും ഭീകരവാദത്തെ സാധാരണവൽക്കരിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 2025 മേയിൽ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സൈനിക സംഘർഷത്തെക്കുറിച്ച് ഷരീഫ് യുഎൻ പൊതുസഭയിൽ പരാമർശിച്ചിരുന്നു. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരമുള്ള സ്വയംപ്രതിരോധ അവകാശം പാകിസ്താൻ വിനിയോഗിച്ചെന്നും സംഘർഷത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ഇടപെടലിനെ പ്രശംസിച്ചെന്നും ഷരീഫ് പറഞ്ഞിരുന്നു.
എന്നാൽ, 2025 മേയിലെ വെടിനിർത്തൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെയാണ് ഉണ്ടായതെന്നും മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഉണ്ടായിരുന്നില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. സോഷ്യൽ മീഡിയയുടെ കാലത്ത് വിദേശനയത്തിലും നയതന്ത്രത്തിലും പൊതുജനാഭിപ്രായത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചുവരികയാണെന്നും ജയശങ്കർ വ്യക്തമാക്കി.
Jaishankar on US ties: Lack of understanding on India’s cross-border terror concerns can impact relations











