
ടെഹ്‌റാൻ: യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിൻ്റെ പാകിസ്താൻ സന്ദർശനം അനിശ്ചിതത്വത്തിലായതിനെ പരിഹസിച്ച് ഇറാൻ. ലോകമെമ്പാടുമുള്ള ഇറാനിയൻ എംബസികളാണ് സമൂഹമാധ്യമങ്ങളിലൂടെ അമേരിക്കയെ പരിഹസിക്കുന്ന വീഡിയോകൾ പങ്കുവെച്ചത്. വാൻസിൻ്റെ പാക് സന്ദർശനം പരാജയപ്പെട്ടതിനെ ഒരു പോൾവാൾട്ട് താരത്തിൻ്റെ നിലതെറ്റിയ വീഴ്ചയുമായാണ് ഇറാൻ താരതമ്യം ചെയ്തത്.
രണ്ടാം ഘട്ട ചർച്ചകൾക്കായി ജെ.ഡി വാൻസിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാകിസ്താനിലേക്ക് പോകാനിരിക്കെയാണ് വെടിനിർത്തൽ ചർച്ചകൾ തടസ്സപ്പെട്ടതും സന്ദർശനം മാറ്റിവെച്ചതും. റഷ്യയിലെ ഇറാൻ കോൺസുലേറ്റ് എക്സിൽ പങ്കുവെച്ച വീഡിയോയിൽ, ഒരു പോൾവാൾട്ട് താരം ഉയരത്തിലുള്ള ബാർ മറികടക്കാൻ ശ്രമിക്കുന്നതും എന്നാൽ പരാജയപ്പെട്ട് അതേ വശത്ത് തന്നെ വീഴുന്നതും കാണാം. “ജെ.ഡി വാൻസിൻ്റെ പാകിസ്താൻ യാത്ര” എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
J.d Vance' trip to Pakistan pic.twitter.com/NoN5zQXKek
— Iran in Russia (@IranembinRussia) April 22, 2026
ഹൈദരാബാദിലെ ഇറാനിയൻ കോൺസുലേറ്റ് ഡോണൾഡ് ട്രംപിനെ ലക്ഷ്യമിട്ട് എഐ നിർമ്മിത പരിഹാസ വീഡിയോയും പുറത്തുവിട്ടു. ചർച്ചയ്ക്കായി ഇറാനിയൻ പ്രതിനിധികളെ കാത്തിരുന്ന് മടുക്കുന്ന ട്രംപിനെയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒടുവിൽ പാകിസ്താൻ്റെ അഭ്യർത്ഥന പ്രകാരം വെടിനിർത്തൽ നീട്ടുകയാണെന്ന് പറഞ്ഞ് ട്രംപ് പുറത്തേക്ക് പോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
How was the ceasefire extended?
— Iran In Hyderabad (@IraninHyderabad) April 22, 2026
The video is getting viral in Iran. pic.twitter.com/UCldpWjZMO
അതേസമയം, പാകിസ്താനിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ ഇറാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ല. നയതന്ത്ര തലത്തിലുള്ള ഇത്തരം വീഡിയോ യുദ്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യം വർധിപ്പിച്ചിരിക്കുകയാണ്. അമേരിക്കൻ നീക്കങ്ങളിൽ വിശ്വാസമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി നേരത്തെ വ്യക്തമാക്കിയിരുന്നു.
JD Vance ‘put on air’; Iran trolls US with pole vault video after Pakistan visit fails













