ട്രംപിന്റെ തിരഞ്ഞെടുപ്പ് തിരിച്ചടി; 2028ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ജെ.ഡി. വാൻസ് പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്

2028ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. നവംബർ മൂന്നിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടിക്കു പിന്നാലെ മത്സരിക്കണോ എന്ന കാര്യത്തിൽ വാൻസ് പുനരാലോചന നടത്തുകയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കേണ്ടത് താനാണോ എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിൻഗാമിയായി റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന സ്ഥാനാർഥിയായാണ് 42കാരനായ വാൻസിനെ നേരത്തേ കണ്ടിരുന്നത്. എന്നാൽ ഇറാൻ യുദ്ധം, മാഗ (MAGA) പ്രസ്ഥാനത്തിലെ ഭിന്നതകൾ, കുടുംബ ഉത്തരവാദിത്തങ്ങൾ എന്നിവ അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ട്. ഇറാൻ യുദ്ധം തുടരുകയാണെങ്കിൽ 2028ൽ ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥി വിജയിക്കുക പ്രയാസമാകുമെന്ന് വാൻസിന്റെ അനുയായികൾ കരുതുന്നു. ഇറാനെതിരായ സൈനിക നടപടികളിൽ നേരത്തേ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്ന വാൻസ്, നവംബർ നാലിന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം യുദ്ധമാണെന്ന് തുറന്നടിച്ചിരുന്നു.

“നമ്മൾ പരാജയപ്പെട്ടത് യുദ്ധം കാരണമാണ്. അടുത്ത ആറു വർഷത്തേക്ക് സെനറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് യുദ്ധത്തിന് നൽകേണ്ട വിലയായിരുന്നുവെന്ന് വാദിക്കാം. എന്നാൽ പരാജയത്തിന്റെ കാരണം എല്ലാവർക്കുമറിയാം,” എന്ന് വാൻസ് കുറിച്ചു. യുദ്ധത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ പരസ്യമായി ന്യായീകരിക്കണമെന്നായിരുന്നു ട്രംപിന്റെ നിലപാട്. വാൻസിന്റെ കുറിപ്പ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചതായും റിപ്പോർട്ടുണ്ട്. 2024ൽ ട്രംപിനെ പിന്തുണച്ചെങ്കിലും ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് അകന്ന യുവാക്കൾ, ലാറ്റിനോ വോട്ടർമാർ, പുരുഷന്മാർ, കോളജ് വിദ്യാഭ്യാസമില്ലാത്ത വെള്ളക്കാർ എന്നിവരുടെ വിശ്വാസം തിരിച്ചുപിടിക്കുകയെന്നതും വാൻസിന് വെല്ലുവിളിയാണ്.

അതേസമയം, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, ടെക്സസ് സെനറ്റർ ടെഡ് ക്രൂസ്, ജോർജിയ ഗവർണർ ബ്രയാൻ കെംപ് എന്നിവരും 2028ലെ റിപ്പബ്ലിക്കൻ സ്ഥാനാർഥികളായി പരിഗണിക്കപ്പെടുന്നുണ്ട്. യാഥാസ്ഥിതിക രാഷ്ട്രീയ നിരീക്ഷകൻ ടക്കർ കാൾസൺ മൂന്നാം കക്ഷി സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യതയും ഉയർത്തിയിട്ടുണ്ട്. ഇലോൺ മസ്‌ക്, പേപാൽ മുൻ സിഇഒ പീറ്റർ തീൽ തുടങ്ങിയവരുടെ പിന്തുണ വാൻസിനുണ്ട്. എന്നാൽ വാൻസിനെ പിന്തുണയ്ക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിട്ടില്ല. 2028ൽ ഏതെങ്കിലും സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് “ഒരുപക്ഷേ, പക്ഷേ നിർബന്ധമില്ല” എന്നായിരുന്നു ട്രംപിന്റെ മറുപടി. ഈ വേനൽക്കാലത്ത് നാലാമത്തെ കുഞ്ഞ് ജനിച്ചതോടെ കുടുംബ ഉത്തരവാദിത്തങ്ങളും വാൻസ് പരിഗണിക്കുന്നുണ്ട്. മത്സരിക്കുമോ എന്ന കാര്യത്തിൽ അദ്ദേഹം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

JD Vance may skip 2028 presidential race after Trump’s midterm setback: Report

More Stories from this section

family-dental
witywide