ട്രംപിന്റെ പിൻഗാമി ആര്? വൈറ്റ് ഹൗസിൽ റൂബിയോയ്ക്കും വാൻസിനും അഗ്നിപരീക്ഷ, മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ ‘ഓഡിഷൻ’

വാഷിംഗ്ടൺ: 2028-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ പിൻഗാമിയായി ആരെ ഉയർത്തിക്കാട്ടുമെന്ന ആകാംക്ഷ നിലനിൽക്കെ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും ഒപ്പം നിർത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘പരസ്യ ഓഡിഷൻ’. വെള്ളിയാഴ്ച വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമിൽ ഒന്നര മണിക്കൂർ നീണ്ട വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇരുവരെയും മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.

അധികാരത്തിലുള്ള അവസാന രണ്ട് വർഷങ്ങളിലേക്ക് അടുക്കുമ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ഇരുവരുടെയും പ്രകടനം പൊതുവേദിയിൽ വിലയിരുത്തുകയായിരുന്നു മുൻ റിയാലിറ്റി ഷോ അവതാരകൻ കൂടിയായ ട്രംപ്.

നേവി ബ്ലൂ സ്യൂട്ടും വെള്ള ഷർട്ടും ചുവന്ന ടൈയും ധരിച്ച് ഒരേ വേഷത്തിലാണ് ഇരുവരും ട്രംപിന് പിന്നിൽ അണിനിരന്നത്. ഒന്നര മണിക്കൂറോളം ക്യാമറയ്ക്ക് മുന്നിൽ നിൽക്കേണ്ടി വന്നത് ഇരുവർക്കും വലിയൊരു ക്ഷമപരീക്ഷണം കൂടിയായി. ട്രംപ് സംസാരിക്കുമ്പോൾ വാൻസ് കൈകൾ മുന്നിൽ കെട്ടി ഗൗരവത്തോടെ നിശ്ചലനായി നിന്നപ്പോൾ, റൂബിയോ ഇടയ്ക്കിടെ ടൈ ശരിയാക്കിയും പോക്കറ്റിലെ കുറിപ്പ് പരിശോധിച്ചും അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

ഓരോരുത്തരെയായി പ്രസംഗപീഠത്തിലേക്ക് വിളിച്ച ട്രംപ്, മാധ്യമപ്രവർത്തകർ ഇവരുടെ വാക്കുകളെ എങ്ങനെ സ്വീകരിക്കുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു.

ട്രംപും സംഘവും ഏഷ്യൻ പര്യടനത്തിലായിരുന്നപ്പോൾ വാഷിംഗ്ടണിൽ തുടർന്നതിനെ ‘ഹോം എലോൺ’ സിനിമയോടാണ് വാൻസ് ഉപമിച്ചത്. വൈറ്റ് ഹൗസിൽ ‘കൂടുതൽ നല്ല ഭക്ഷണവും സ്വർണ്ണവുമുള്ള’ സാഹചര്യത്തിൽ താൻ കോട്ട കാത്തുസൂക്ഷിക്കുകയായിരുന്നെന്ന് അദ്ദേഹം തമാശയായി പറഞ്ഞു. ട്രംപിന്റെ സാമ്പത്തിക നയങ്ങളെ വാൻസ് വാനോളം പുകഴ്ത്തി. എന്നാൽ, ഇറാൻ യുദ്ധത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ നഷ്ടങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളിൽ നിന്ന് അദ്ദേഹം സമർത്ഥമായി ഒഴിഞ്ഞുമാറി.

തന്റെ പതിവ് വേഗതയിലുള്ള ശൈലിയിലായിരുന്നു റൂബിയോയുടെ സംസാരം. ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തെയും, ചൈനയിലെയും റഷ്യയിലെയും ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയെയും അദ്ദേഹം ശക്തമായി പ്രതിരോധിച്ചു. ലോകസുരക്ഷയ്ക്ക് ഈ നേതാക്കളുമായുള്ള ആശയവിനിമയം അനിവാര്യമാണെന്ന് റൂബിയോ വാദിച്ചു.

അതേസമയം, വാൻസും റൂബിയോയും തമ്മിൽ മികച്ച സൗഹൃദമാണുള്ളത്. വാൻസ് മത്സരിക്കുകയാണെങ്കിൽ താൻ പിന്മാറുമെന്ന് റൂബിയോ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇവരിൽ ആരാണ് മികച്ച പ്രസിഡന്റാവുക എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ട്രംപ് തയ്യാറായില്ല.

എന്നാൽ, വാർത്താസമ്മേളനത്തിന്റെ അവസാനം പുതിയ ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറെ വേദിയിലേക്ക് വിളിച്ച ട്രംപ്, വാൻസിനെയും റൂബിയോയെയും ട്രോളാനും മറന്നില്ല. ട്രംപിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മില്ലറെ പ്രശംസിച്ചുകൊണ്ട്, “ഇദ്ദേഹം ഈ രണ്ട് പേരേക്കാളും മികച്ചതായിരുന്നു, നിങ്ങൾക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണോ?” എന്ന് ട്രംപ് തമാശയായി ചോദിച്ചതോടെ ബ്രീഫിംഗ് റൂമിൽ ചിരിപടർന്നു.

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും, പാർട്ടി അണികൾക്കിടയിൽ ട്രംപിനുള്ള സ്വാധീനം 2028-ലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായകമാകും.

Who will be Trump’s successor? A trial by fire for Rubio and Vance at the White House

More Stories from this section

family-dental
witywide