
ജയ്സൺ മാത്യു
കണ്ണൂർ: മൂന്നു മതങ്ങളും ഇത്രയധികം സഹജീവിതം നടത്തുന്ന സഹിഷ്ണുതയുള്ള സമൂഹമായി കേരളം നിലനിൽക്കുന്നതിനു പിന്നിൽ വായന നൽകിയ സംസ്‌കാരമാണെന്ന് എഴുത്തുകാരൻ സക്കറിയ.
കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന കനേഡിയൻ മലയാളി എഴുത്തുകാരനായ ജോൺ ഇളമതയുടെ ‘സൂഫികളും സുൽത്താന്മാരും’ എന്ന പുസ്‌തകം കഥാകൃത്ത് പി.കെ.പാറക്കടവന് നൽകി പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു മതങ്ങളെ അപമാനിക്കാത്ത, ഒപ്പം ജീവിക്കാൻ അനുവദിക്കുന്ന, മതഭ്രാന്തില്ലാത്ത, വർഗീയഭ്രാന്തില്ലാത്ത ഒരു സമൂഹമായി കേരളം ഇപ്പോഴും നിലനിൽക്കുന്നു. ഇതിനെല്ലാം പിന്നിൽ വിദ്യാലയങ്ങളും നന്മയുള്ള അധ്യാപകരും വായനയുമെല്ലാം ഉണ്ടാക്കിയ സംസ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു.
കൈരളി ബുക്സ് മാനേജിങ് ഡയറക്ടർ ഒ.അശോക്കുമാർ അദ്ധ്യക്ഷത വഹിച്ചു.
എ.വി.പവിത്രൻ, പി.കെ.പാറക്കടവ് , സതീശൻ മോറായി, ഷുക്കൂർ പെടയങ്ങോട്, രാജേഷ് തെക്കന്മാർ, എ.കെ.ബിജുരാജ് എന്നിവർ പ്രസംഗിച്ചു.
ജോൺ ഇളമത മറുപടി പ്രസംഗം നടത്തി.
പ്രശസ്ത ലോകസഞ്ചാരിയായ ഇബ്ൻ ബത്തൂത്തയുടെ സഞ്ചാരത്തെ ആസ്പദമാക്കി രചിച്ച കാലത്തിന്റെ കഥ പറയുന്ന ഒരു നേർചിത്രമാണ് ” സുഫികളും സുൽത്താന്മാരും” എന്ന ഈ ചരിത്ര നോവൽ.















