ബ്യൂണസ് ഐറിസ്:ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചതായി റിപ്പോർട്ട്. അർജൻ്റീനൻ സമയം രാത്രി പത്ത് മണിക്ക് റൊസാരിയോയിലെ ഒരു ക്ലിനിക്കിലായിരുന്നു അന്ത്യമെന്ന് അർജന്റീന മാധ്യമമായ ‘ഇൻഫോബേ’ റിപ്പോർട്ട് ചെയ്തത്. 68-കാരനായ ഹോർഹെ മെസ്സി ഏറെക്കാലമായി ചികിത്സയിലായിരുന്നു.
പിതാവായ ഹോർഹെ ഹൊറാഷിയോ, മെസ്സിയുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കരുത്തായിരുന്നു. കുട്ടികാലത്ത് മെസ്സി ന്യൂവൽസ് ഓൾഡ് ബോയ്സ് യൂത്ത് ടീമിൽ കളിക്കുന്ന സമയത്ത് വളർച്ചാ ഹോർമോൺ കുറവായതിനാൽ പ്രയാസപ്പെട്ട മെസ്സിക്ക് കൃത്യമായ ചികിത്സ നൽകിയത് പിതാവായിരുന്നു. പിന്നീട് 13-ാം വയസ്സിൽ മെസ്സിയെ ബാഴ്സലോണയിലെത്തിയപ്പോഴും കൂടെ പിതാവുണ്ടായിരുന്നു. മെസ്സിയുടെ അമ്മ സെലിയ കുച്ചിറ്റിനിയേയും മറ്റ് മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോൾ എന്നിവരേയും റൊസാരിയോയിലാക്കിയാണ് ഹോർഹെ സ്പെയ്‌നിൽ മെസ്സിക്കൊപ്പം നിന്നത്.
കൂടാതെ, മെസ്സിയുടെ ഔദ്യോഗിക ഏജന്റായും പ്രവർത്തിച്ചത് പിതാവായിരുന്നു. മെസ്സിയുടെ ബാഴ്സലോണ, പി.എസ്.ജി, ഇന്റർ മയാമി ക്ലബ്ബുകളുമായുള്ള കരാറുകൾക്കും അദ്ദേഹം നേതൃത്വം നൽകി. മെസ്സിയുടെ വാണിജ്യ-പരസ്യ കരാറുകളും ഹോർഹെ മെസ്സിയാണ് നിയന്ത്രിച്ചിരുന്നത്. ഈ ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ ആദ്യ ഗോളിന് ശേഷം ഹോർഹെയുടെ മോശം ആരോഗ്യാവസ്ഥയെ ഓർത്ത് മെസി കരഞ്ഞിരുന്നു. മെസ്സിയുടെ മത്സരങ്ങൾ കാണാൻ അദ്ദേഹത്തിന് സ്‌റ്റേഡിയത്തിൽ വരാൻ കഴിഞ്ഞിരുന്നില്ല. ശേഷം, കുറച്ച് ദിവസങ്ങളായി വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യമല്ല ഇതിന് പിന്നിലെന്നും മെസ്സി പറഞ്ഞിരുന്നു.
Jorge Messi, the father of football legend Lionel Messi, has passed away.













