
ലോസ് ഏഞ്ചൽസ്: റോക്ക് ആൻഡ് റോൾ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള സംഗീത ബാൻഡുകളിലൊന്നായ ‘ദി ബീച്ച് ബോയ്സിന്റെ’ സഹസ്ഥാപകനും ഗായകനുമായ മൈക്ക് ലവ് (85) അന്തരിച്ചു. ശനിയാഴ്ച രാത്രി കുടുംബാംഗങ്ങൾക്കൊപ്പമായിരിക്കെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ വക്താവ് കാറ്റി ആൾട്ട്മാൻ പ്രസ്താവനയിൽ അറിയിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ല.
1960-കളുടെ തുടക്കത്തിൽ തന്റെ ബന്ധുക്കളായ ബ്രയാൻ, കാൾ, ഡെന്നിസ് വിൽസൺ സഹോദരന്മാർക്കൊപ്പം കാലിഫോർണിയയിൽ നിന്നാണ് മൈക്ക് ലവ് ‘ബീച്ച് ബോയ്സ്’ ആരംഭിക്കുന്നത്. പിന്നീട് സുഹൃത്തായ അൽ ജാർഡിനും ഇവർക്കൊപ്പം ചേർന്നു. വിൽസൺ സഹോദരന്മാരുടെ ഗാരേജിൽ പരിശീലനം തുടങ്ങിയ ഈ സംഘം, സർഫിംഗ് സംസ്കാരത്തെയും പ്രണയത്തെയും ആഘോഷിക്കുന്ന മനോഹരമായ ഹാർമണികളിലൂടെ ലോകമെമ്പാടും ആരാധകരെ നേടി. 1963-നും 1966-നും ഇടയിൽ ഒരു ഡസനിലധികം ടോപ്പ്-20 ഗാനങ്ങൾ സമ്മാനിച്ച ബാൻഡിന്റെ “ഐ ഗെറ്റ് എറൗണ്ട്” (I Get Around), “ഹെൽപ്പ് മി, റോണ്ട” (Help Me, Rhonda), “ഗുഡ് വൈബ്രേഷൻസ്” (Good Vibrations) എന്നിവ ചാർട്ടുകളിൽ ഒന്നാമതെത്തി. ലോകമെമ്പാടുമായി ഇവരുടെ പത്ത് കോടിയിലധികം (100 million) റെക്കോർഡുകളാണ് വിറ്റഴിഞ്ഞത്.
ബാൻഡിന്റെ സംഗീത സംവിധായകനും നിർമ്മാതാവുമായിരുന്ന ബ്രയാൻ വിൽസണും (കഴിഞ്ഞ വർഷം 82-ാം വയസ്സിൽ അന്തരിച്ചു) മൈക്ക് ലവും തമ്മിലുള്ള വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു ബീച്ച് ബോയ്സിന്റെ പ്രത്യേകത. “സർഫിൻ യു.എസ്.എ” (Surfin’ USA) പോലുള്ള ആവേശകരമായ ഗാനങ്ങൾക്ക് മൈക്ക് ലവ് ശബ്ദം നൽകിയപ്പോൾ, ഭാവതീവ്രമായ ഗാനങ്ങൾ ബ്രയാൻ വിൽസൺ ആലപിച്ചു. 1990-കളിൽ ബാൻഡിന്റെ പേരിന്റെ നിയമപരമായ ഉടമസ്ഥാവകാശം ലവ് സ്വന്തമാക്കിയിരുന്നു.
ഗാനരചനയുടെ ക്രെഡിറ്റിനെച്ചൊല്ലി മൈക്ക് ലവും ബ്രയാൻ വിൽസണും തമ്മിൽ ദീർഘകാലം നിയമപോരാട്ടങ്ങളും അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു. വിൽസൺ ഈണം നൽകിയ പല പ്രശസ്ത ഗാനങ്ങളുടെയും വരികൾ എഴുതിയത് താനാണെന്ന് വാദിച്ച ലവ്, 1994-ൽ ഡസൻ കണക്കിന് ഗാനങ്ങളുടെ സഹ-രചയിതാവെന്ന അംഗീകാരം നിയമപോരാട്ടത്തിലൂടെ നേടിയെടുത്തു. 2025-ൽ അദ്ദേഹം ‘സോങ്റൈറ്റേഴ്സ് ഹാൾ ഓഫ് ഫെയിമിൽ’ (Songwriters Hall of Fame) ഇടംനേടി. ബ്രയാൻ വിൽസന്റെ മരണത്തിന് തൊട്ടുപിന്നാലെ നടന്ന ചടങ്ങിൽ, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ലവ് അനുസ്മരിച്ചിരുന്നു.
1988-ൽ ടോം ക്രൂയിസ് ചിത്രമായ ‘കോക്ടെയിലിന്’ (Cocktail) വേണ്ടി മൈക്ക് ലവ് സഹരചന നിർവ്വഹിച്ച “കൊക്കോമോ” (Kokomo) എന്ന ഗാനം വൻ ഹിറ്റായിരുന്നു. ഡെന്നിസ് വിൽസൺ 1983-ലും കാൾ വിൽസൺ 1998-ലും അന്തരിച്ചതിന് ശേഷവും, മൈക്ക് ലവ് ‘ബീച്ച് ബോയ്സ്’ എന്ന പേരിൽ ലോകമെമ്പാടും സംഗീത പരിപാടികൾ അവതരിപ്പിച്ചു വരികയായിരുന്നു. അമേരിക്കൻ സംഗീത സംസ്കാരത്തിന് മൈക്ക് ലവ് നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് സംഗീത ലോകം അനുശോചിച്ചു.















