
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിന്‍റെ രാഷ്ട്രീയ ശത്രുക്കളെ ലക്ഷ്യമിട്ട് നടത്തിയ അന്വേഷണങ്ങളിലെ അതീവ രഹസ്യമായ ഗ്രാൻഡ് ജൂറി രേഖകൾ എഡ് മാർട്ടിൻ ദുരുപയോഗം ചെയ്തതായി അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. ഈ വർഷം തുടക്കത്തിൽ മാർട്ടിനെ വകുപ്പിന്റെ ആസ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നിലെ പ്രധാന കാരണം ഇതാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിന്റെ ഓഫീസിനായിരുന്നു അന്വേഷണ ചുമതല. ഡെമോക്രാറ്റിക് സെനറ്റർ ആദം ഷിഫ്, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് എന്നിവർക്കെതിരെയുള്ള വായ്പാ തട്ടിപ്പ് അന്വേഷണങ്ങളിലെ രഹസ്യ വിവരങ്ങൾ മാർട്ടിൻ അനധികൃതമായി പുറത്തുവിട്ടോ എന്നതായിരുന്നു പ്രധാന പരിശോധന. ആദം ഷിഫിന്റെ കേസിലെ രഹസ്യരേഖകൾ മാർട്ടിൻ അധികാരാവകാശമില്ലാത്ത വ്യക്തികൾക്ക് കൈമാറിയതായി അന്വേഷണത്തിൽ തെളിഞ്ഞു.
ആദ്യഘട്ടത്തിൽ ഈ ആരോപണങ്ങൾ മാർട്ടിൻ നിഷേധിച്ചിരുന്നുവെങ്കിലും, രേഖകൾ കൈമാറിയത് ശരിവെക്കുന്ന ഇമെയിലുകൾ പിന്നീട് കണ്ടെടുക്കുകയായിരുന്നു. ഇതേത്തുടർന്ന് 2026-ന്റെ ആദ്യ ദിനത്തിൽ തന്നെ ‘വെപ്പണൈസേഷൻ വർക്കിംഗ് ഗ്രൂപ്പിന്റെ’ തലപ്പത്തുനിന്ന് മാർട്ടിനെ നീക്കം ചെയ്തു. നിലവിൽ നീതിന്യായ വകുപ്പിന്റെ പ്രധാന ആസ്ഥാനത്തുനിന്ന് മാറ്റി മറ്റൊരു കെട്ടിടത്തിലേക്കാണ് അദ്ദേഹത്തിന്റെ ഓഫീസ് മാറ്റിയിരിക്കുന്നത്. ട്രംപിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മാർട്ടിനെതിരെ ഭരണകൂടത്തിനുള്ളിൽ തന്നെ നീക്കങ്ങൾ ശക്തമാകുന്നതിന്റെ സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.















