
വാഷിംഗ്ടൺ: അമേരിക്കൻ ഭരണകൂടം ഗ്രീൻ കാർഡ് അപേക്ഷാ ചട്ടങ്ങളിൽ വരുത്തിയ പുതിയ മാറ്റങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. എച്ച്1-ബി വിസയിൽ അമേരിക്കയിൽ കഴിയുന്ന ഇന്ത്യക്കാർ സ്വയംബഹുമാനത്തോടെ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും ഇന്ത്യയെ പ്രത്യാശയോടെ കെട്ടിപ്പടുക്കാൻ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ട്രംപ് ഭരണകൂടം കൊണ്ടുവന്ന പുതിയ നിയമപ്രകാരം, ഇനി മുതൽ ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവർ അമേരിക്കയിൽ തുടർന്നുകൊണ്ട് അപേക്ഷിക്കാൻ സാധിക്കില്ല. പകരം അവർ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുകയും അവിടെയുള്ള യു.എസ് എംബസി വഴി മാത്രമേ അപേക്ഷ സമർപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പിൻ്റെ പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ നിയമം ഇന്ത്യക്കാരെ അനാദരിക്കുന്നതാണെന്നും അത് സഹിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്നത് താൽക്കാലിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയാലും സ്വയംബഹുമാനത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ മാസവും ഇന്ത്യയുടെ പുരോഗതിക്കായി വിദേശത്തുള്ള ഇന്ത്യൻ പ്രതിഭകൾ നാട്ടിലേക്ക് തിരിച്ചെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അമേരിക്കയിൽ സ്ഥിരതാമസമാക്കാനും വിസയില്ലാതെ ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശമാണ് ഗ്രീൻ കാർഡ് നൽകുന്നത്. എച്ച്1-ബി വിസ ജോലി നൽകുന്ന കമ്പനിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലി നഷ്ടപ്പെട്ടാൽ (ഉദാഹരണത്തിന് മെറ്റാ കമ്പനിയിൽ അടുത്തിടെ നടന്ന പിരിച്ചുവിടലുകൾ പോലെ) 60 ദിവസത്തിനകം പുതിയ സ്പോൺസറെ കണ്ടെത്തണം, അല്ലെങ്കിൽ രാജ്യം വിടേണ്ടി വരും. എന്നാൽ ഗ്രീൻ കാർഡ് ലഭിച്ചാൽ ഇത്തരം വിസ ആശങ്കകൾ ഇല്ലാതെ യു.എസിൽ തുടരാം. ഈ തീരുമാനത്തിനെതിരെ ലിങ്ക്ഡ്ഇൻ കോ-ഫൗണ്ടർ റീഡ് ഹോഫ്മാൻ ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകരും ശാസ്ത്രജ്ഞരും രാജ്യം വിടേണ്ടി വരുന്നത് അമേരിക്കൻ സാങ്കേതിക മേഖലയെയും ബിസിനസിനെയും ദോഷകരമായി ബാധിക്കുമെന്ന് ഹോഫ്മാൻ ചൂണ്ടിക്കാട്ടി. പുതിയ നിയമം നിയമപരമായ കുടിയേറ്റത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് എ.ഐ വിദഗ്ദ്ധൻ ആൻഡ്രൂ എൻജി അഭിപ്രായപ്പെട്ടു. ഇത് അമേരിക്കയുടെ മത്സരശേഷിയെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഗ്രീൻ കാർഡ് നേടുന്നവരിൽ ഏറ്റവും മുൻപന്തിയിലുള്ളത് ഇന്ത്യക്കാരാണ്. പുതിയ നിയമം എച്ച്1-ബി വിസയിലുള്ള പതിനായിരക്കണക്കിന് ഇന്ത്യൻ ഐടി ജീവനക്കാരെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ.
‘Leave America and go home’; Zoho founder tells Indians on H1-B visas













