ബെർലിൻ: ജർമനിയിലെ ബെർലിനിൽ, നഗരമധ്യത്തിലെ ടിയർഗാർട്ടൻ പാർക്കിന് സമീപം നടന്ന പ്രൈഡ് പരേഡിനിടെ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി ഒരാൾ മരിച്ചു. സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റതായും ബെർലിൻ പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് ബ്രാൻഡൻബർഗ് ഗേറ്റിന് സമീപം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശമാകെ ആംബുലൻസുകളുടെയും പൊലീസ് വാഹനങ്ങളുടെയും സൈറൺ മുഴങ്ങുകയാണ്. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകുകയാണ് രക്ഷാപ്രവർത്തകർ.
പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് ഒരു വെളുത്ത വാൻ ടിയർഗാർട്ടനിലെ ജനക്കൂട്ടത്തിലേക്ക് അതിവേഗത്തിൽ പാഞ്ഞുകയറിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് സംഘാടകർ സാമൂഹിക മാധ്യമങ്ങളിലൂടെയും പരിപാടി നടന്ന സ്ഥലത്തെ ഡിജിറ്റൽ സ്‌ക്രീനുകളിലൂടെയും ആളുകളോട് ശാന്തമായും ക്രമമായും പ്രദേശം ഒഴിയാൻ അഭ്യർഥിച്ചു. ബ്രാൻഡൻബർഗ് ഗേറ്റിലെ സ്‌ക്രീനിൽ ” പരിപാടി റദ്ദാക്കി” എന്ന സന്ദേശവും പ്രദർശിപ്പിച്ചു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന വാഹനത്തെ ടിയർഗാർട്ടൻ പാർക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വാഹനം ഒരു മരത്തിൽ ഇടിച്ച ശേഷം ഡ്രൈവർ ഇറങ്ങി രക്ഷപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കണ്ടെത്താനുള്ള വ്യാപക തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ മരിച്ചയാളുടെ ബന്ധുക്കൾക്കായി പ്രത്യേക ഹെൽപ്‌ലൈൻ ആരംഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ബെർലിൻ പൊലീസ് അറിയിച്ചു. സംഭവത്തെ “സ്വതന്ത്രവും തുറന്ന മനസ്സുള്ളതുമായ നമ്മുടെ സമൂഹത്തിനെതിരായ ആക്രമണം” എന്ന് ബെർലിൻ മേയർ കായ് വെഗ്നർ വിശേഷിപ്പിച്ചു. ബെർലിൻ സ്വാതന്ത്ര്യത്തിന്റെ നഗരമാണ്. ഇന്ന് ആ സ്വാതന്ത്ര്യത്തിനുമേൽ ഏറ്റവും ഭീകരമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുകൾക്കുമൊപ്പമാണ് എന്റെ ചിന്തകൾ. ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയ എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി. സംഭവത്തിൽ അതിവേഗ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട് എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
എൽജിബിടിക്യു+ സമൂഹത്തിന്റെ അവകാശങ്ങൾക്കായുള്ള ഐക്യദാർഢ്യ പ്രകടനമായ ബെർലിൻ പ്രൈഡ് പരേഡ്, ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ എന്ന പേരിലും അറിയപ്പെടുന്നു. ജർമനിയിലെ ഏറ്റവും വലിയ പ്രൈഡ് ആഘോഷമായ ഈ പരിപാടിയിൽ സാധാരണയായി ഏകദേശം 10 ലക്ഷം പേർ പങ്കെടുക്കാറുണ്ട്. 1969-ൽ ന്യൂയോർക്കിലെ സ്റ്റോൺവാൾ ഇൻ എന്ന സ്ഥലത്ത് നടന്ന എൽജിബിടിക്യു+ സമൂഹത്തിന്റെ ചരിത്രപ്രസിദ്ധമായ പ്രതിഷേധത്തിന്റെ സ്മരണാർത്ഥമാണ് ഈ വാർഷിക പരിപാടി സംഘടിപ്പിക്കുന്നത്. സംഗീത പരിപാടികൾ, രാഷ്ട്രീയ പ്രസംഗങ്ങൾ, വൻ ഘോഷയാത്ര എന്നിവയടങ്ങിയ ആഘോഷം ടിയർഗാർട്ടൻ പാർക്കിന് സമീപമാണ് സമാപിക്കാറുള്ളത്.
One person died and 16 others were injured after a vehicle plowed into the Berlin Pride Parade; the event was cancelled.









