
ബെയ്‌റൂട്ട്: തെക്കൻ ബെയ്‌റൂട്ട് പൂർണ്ണമായും ഒഴിപ്പിക്കണമെന്ന ഇസ്രായേൽ സൈന്യത്തിൻ്റെ അന്ത്യശാസനത്തെത്തുടർന്ന് ലെബനൻ തലസ്ഥാനത്ത് വൻ പരിഭ്രാന്തി. ലക്ഷക്കണക്കിന് ആളുകൾ ഒരേസമയം നഗരം വിടാൻ ശ്രമിച്ചതോടെ റോഡുകളിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പ്രായമായവരെയും രോഗികളെയും മാറ്റാൻ കഴിയാതെ പല കുടുംബങ്ങളും ദുരിതത്തിലായി.
വ്യാഴാഴ്ച രാത്രിയോടെ ആരംഭിച്ച ബോംബാക്രമണം വെള്ളിയാഴ്ച പുലർച്ചെ വരെ തുടർന്നു. ഹിസ്ബുള്ള കേന്ദ്രമെന്ന് ഇസ്രായേൽ കരുതുന്ന ‘ദഹിയ’ പ്രദേശം ഇനി ഗാസയിലെ ഖാൻ യൂനിസിനെപ്പോലെ തകർക്കപ്പെടുമെന്ന് ഇസ്രായേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് മുന്നറിയിപ്പ് നൽകി. “നിങ്ങൾ ഞങ്ങൾക്ക് നരകം വാഗ്ദാനം ചെയ്തു, എന്നാൽ ഇപ്പോൾ നരകം നിങ്ങൾക്കായി എത്തിയിരിക്കുന്നു” എന്നാണ് സ്മോട്രിച്ച് വീഡിയോ സന്ദേശത്തിലൂടെ ഭീഷണിമുഴക്കിയത്.
നേരത്തെ ഒരു കെട്ടിടത്തെ മാത്രം കേന്ദ്രീകരിച്ചായിരുന്നു ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നതെങ്കിൽ, ഇത്തവണ അഞ്ച് ലക്ഷത്തിലധികം പേർ താമസിക്കുന്ന മേഖല മുഴുവൻ ഒഴിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ലെബനൻ മറ്റൊരു ഗാസയാകുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കടുത്തത്. ഇതിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ളയുടെ സൈനിക നീക്കങ്ങൾക്കെതിരെ ലെബനൻ ഭരണകൂടം രംഗത്തെത്തി. രാജ്യത്ത് ഹിസ്ബുള്ളയുടെ സൈനിക-സുരക്ഷാ പ്രവർത്തനങ്ങൾ പ്രസിഡൻ്റ് നിരോധിച്ചു. സംഘർഷം ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി ഇറാൻ പൗരന്മാർക്ക് നൽകിയിരുന്ന വിസ രഹിത യാത്രാ സൗകര്യം ലെബനൻ സർക്കാർ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ ഹിസ്ബുള്ളയെ നിയന്ത്രിക്കാൻ രാജ്യത്തെ ഔദ്യോഗിക സൈന്യത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
Lebanon shaken by Israel’s evacuation order, war trumpets again, traffic jams for kilometers on the roads















