‘ലഹ്‌റാ ദോ തിരംഗ’ മാർച്ച്; ഡൽഹിയിൽ അഭിജീത് ദിപ്‌കെയും നേഹ ബോറയും ഉൾപ്പെടെ 150 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കൊണാട്ട് പ്ലേസ്, ജൻപഥ് റോഡ്, മണ്ടി ഹൗസ് എന്നിവിടങ്ങളിൽ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെയും ഐസ പ്രവർത്തക നേഹ ബോറയും ഉൾപ്പെടെ 150 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ജെ.പിയുടെ ‘ലഹ്‌റാ ദോ തിരംഗ’ മാർച്ചിൽ പങ്കെടുക്കാൻ കൊണാട്ട് പ്ലേസിലേക്ക് പോകുന്നതിനിടെയാണ് ദിപ്‌കെയെ കസ്റ്റഡിയിലെടുത്തത്. മാർച്ച് ആരംഭിച്ചതിന് പിന്നാലെ മണ്ടി ഹൗസിൽനിന്ന് നേഹ ബോറയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇടതുപക്ഷ നേതാക്കളും ആംആദ്‌മി പ്രവർത്തകരും കൊണാട്ട് പ്ലേസിലെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. ഏഴുമണിയോടെ, പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ പോലീസ് ആഹ്വാനം ചെയ്തെങ്കിലും ഇതിന് വിസമ്മതിച്ച പ്രതിഷേധക്കാരെ പോലീസ് ബലമായി പിടിച്ചുമാറ്റി. 150-ഓളം പ്രതിഷേധക്കാരെയാണ് കസ്റ്റഡിയിലെടുത്തു നീക്കിയത്. സമരക്കാരെ സ്ഥലത്തുനിന്ന് നീക്കി സമാധാനം പുനഃസ്ഥാപിക്കാനാണ് പോലീസ് നീക്കം.

കൊണാട്ട് പ്ലേസ് പ്രതിഷേധത്തിന് ഔദ്യോഗികമായി അനുമതിയുള്ള സ്ഥലമല്ലെന്ന് ചൂണ്ടിക്കാട്ടി മാർച്ച് നടത്തരുതെന്ന് പൊലീസ് നേരത്തേ ദിപ്‌കെയ്ക്ക് നോട്ടിസ് നൽകിയിരുന്നു. ഒക്ടോബർ 13ന് ജന്തർ മന്തറിൽ ദേശീയപതാക ഉയർത്തിയതിനെ തുടർന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസിനെയും ആശുതോഷ് റങ്കയെയും അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെയാണ് പ്രതിഷേധം.

പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ 6,000ത്തിലധികം പൊലീസുകാരെ വിന്യസിക്കാനും മറ്റു ജില്ലകളിൽനിന്ന് 5,000 പേരെക്കൂടി സജ്ജമാക്കാനുമാണ് തീരുമാനം. രാജീവ് ചൗക്ക്, കൊണാട്ട് പ്ലേസ്, സെൻട്രൽ പാർക്ക്, മെട്രോ സ്റ്റേഷനുകൾ, ജന്തർ മന്തർ, പാലിക ബസാർ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. സെൻട്രൽ പാർക്കിലും രാജീവ് ചൗക്കിലും പത്തിലധികം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, മുംബൈയിലെ ആസാദ് മൈതാനിൽ വെള്ളിയാഴ്ച ‘ലഹ്‌റാ ദോ തിരംഗ’ റാലി നടത്താൻ സി.ജെ.പിക്ക് പൊലീസ് അനുമതി നൽകി. ജയിലിലുള്ള നേതാക്കളായ ആശുതോഷ് റങ്കയ്ക്കും സൗരവ് ദാസിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് റാലിയുടെ ലക്ഷ്യം.

More Stories from this section

family-dental
witywide