ന്യൂഡൽഹി: രാംലീലാ മൈതാനത്ത് നാളെ നടക്കുന്ന ഇന്ത്യാസഖ്യ റാലിയ്ക്ക് മുന്നോടിയായി വലിയ സുരക്ഷാസജ്ജീകരണങ്ങളൊരുക്കി ഡൽഹി പോലീസ്. 200 മുതൽ 250 വരെ ഹൈ ഡെഫനീഷൻ സിസിടിവി ക്യാമറകൾ, തത്സമയ നിരീക്ഷണം സാധ്യമാക്കുന്ന കൺട്രോൾ റൂമുകൾ, 3500 പോലീസുകാർ ഉൾപ്പെടെയാണ് സജ്ജമാക്കിയിട്ടുള്ളത്. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് റാലിക്ക് സമയം അനുവദിച്ചിട്ടുള്ളത്. ആ സമയപരിധിക്കപ്പുറം പരിപാടി അനുവദിക്കില്ലെന്നും രാത്രി, മൈതാനത്ത് തുടരാൻ അനുമതിയില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
മൈതാനപരിസരത്ത് ഇതിനകംതന്നെ സുരക്ഷാസേനാംഗങ്ങൾ ബാഗുകൾ പരിശോധിക്കാനുള്ള സംവിധാനങ്ങൾ, മെറ്റൽ ഡിറ്റക്ടറുകൾ, ബാരിക്കേഡുകൾ തുടങ്ങിയവയുമായി നിലയുറപ്പിച്ചിട്ടുണ്ട്. 12 ഏക്കർ വിസ്തൃതിയാണ് രാംലീലാ മൈതാനത്തിനുള്ളത്. ഇവിടേക്കുള്ള പ്രവേശനകവാടത്തിലും പുറത്തേക്കു പോകുന്ന വഴിയിലും കർശന നിരീക്ഷണം നടത്തും. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംഘങ്ങളും അടിയന്തരസാഹചര്യങ്ങളിൽ ഇടപെടൽ നടത്താനുള്ള സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
വേദിയും പരിസരപ്രദേശവും നിരീക്ഷണവലത്തിലാക്കാൻ 200-250 സിസിടിവി ക്യാമറകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇവയിൽനിന്നുള്ള ദൃശ്യങ്ങൾ നിർദിഷ്ട കൺട്രോൾ റൂമുകളിൽ നിരീക്ഷിക്കും. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും ഏതുവിധത്തിലുള്ള സാഹചര്യമുണ്ടായാലും അതിനെ കൈകാര്യംചെയ്യാനുമാണ് ഈ സംവിധാനങ്ങൾ. പോലീസുകാർ ശരീരത്ത് ഘടിപ്പിക്കാവുന്ന വിധത്തിലുള്ള ക്യാമറയും ധരിക്കും. എഐ സംവിധാനമുള്ള ക്യാമറകൾ, മൈതാനത്തിന് അകത്തും പുറത്തും വ്യക്തികളുടെ മുഖം സ്കാൻ ചെയ്യും. മൈതാനത്തെ 14 സോണുകളാക്കി തിരിച്ചിട്ടുണ്ട്. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് ഓരോ സോണിന്റെ മേൽനോട്ട ചുമതല നൽകിയിട്ടുണ്ട്. ഈ സോണുകളെ എട്ട് പ്രദേശങ്ങളായി വീണ്ടും തിരിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്.
വേദിയിലും പരിസരത്തുമായി 3500 പോലീസുകാരെ വിന്യസിക്കും. ഇവർക്കൊപ്പം സിആർപിഎഫും ഉണ്ടാകും.അൻപതിനായിരത്തോളം ആളുകൾ എത്തിച്ചേരുമെന്നാണ് പോലീസ് വിലയിരുത്തൽ. മൈതാനത്ത് എട്ട് ഗേറ്റുകളാണുള്ളത്. ഇതിൽ മൂന്നിടത്തുകൂടി പൊതുജനങ്ങൾക്ക് പ്രവേശിക്കാം. വിഐപികൾക്കു വേണ്ടി പ്രത്യേകം ഒരു ഗേറ്റുണ്ടാകും. മറ്റൊരു ഗേറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കുവേണ്ടിയുള്ളതാണ്. മൈതാനത്ത് പ്രവേശിക്കുന്നതിന് മുൻപ് ആളുകൾക്ക് രണ്ടുഘട്ടത്തിലുള്ള പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. അടിയന്തരസാഹചര്യമുണ്ടായാൽ ആളുകളെ പുറത്തേക്ക് കൊണ്ടുപോകാൻ പ്രത്യേക ഗേറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആവശ്യത്തിന് വോളണ്ടിയർമാർ, കുടിവെള്ളം, സ്ത്രീകൾക്കുവേണ്ടി പ്രത്യേകം ശൗചാലയ സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കാൻ സംഘാടകർക്ക് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. ട്രാഫിക് പോലീസിന്റെ നിർദേശാനുസരണം വാഹനങ്ങൾ പാർക്ക് ചെയ്യണം. പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടവരുടെ പട്ടിക, പങ്കെടുക്കാനെത്തുന്നവരെ കൊണ്ടുവരുന്ന ബസുകളുടെ വിവരങ്ങൾ തുടങ്ങിയവയും പോലീസ്, സംഘാടകരിൽനിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Delhi Police makes extensive preparations for the INDIA alliance rally; 250 CCTV cameras and strict security checks in place.













