യുഎസിൽ വിവാഹദിനത്തിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി വരനും പൈലറ്റും മരിച്ചു; വധുവിന് ഗുരുതര പരുക്ക്

അറ്റ്ലാന്റ: യുഎസിലെ ജോർജിയയിൽ വിവാഹത്തിന് പിന്നാലെ നവദമ്പതികൾ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് മലയാളി വരനും പൈലറ്റും മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഫിജി–ഫേബ ദമ്പതികളുടെ മകനും ഡെൽറ്റ എയർലൈൻസ് പൈലറ്റുമായ ഡേവ് ഫിജി (26), ഹെലികോപ്റ്റർ പൈലറ്റ് എന്നിവരാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന വധു തിരുവല്ല തലവടി സ്വദേശിനി ജെസ്നിക്ക് (24) ഗുരുതരമായി പരുക്കേറ്റു.

മെയ് 29 വെള്ളിയാഴ്ച രാത്രി 10:30 ഓടെ (ഇന്ത്യൻ സമയം 30ന് രാവിലെ 8) വടക്കൻ ജോർജിയയിലെ ഡൊസൺ കൗണ്ടിയിലായിരുന്നു ദാരുണമായ അപകടം. വിവാഹച്ചടങ്ങുകൾക്ക് ശേഷം മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച റോബിൻസൺ R66 ഹെലികോപ്റ്ററാണ് തകർന്നുവീണത്. കനത്ത മൂടൽമഞ്ഞും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്രൊഫഷണല്‍ പൈലറ്റായ ഡേവ് ഫിജി തന്നെയാണ് ഹെലികോപ്റ്റര്‍ നിയന്ത്രിച്ചിരുന്നതെന്ന തരത്തില്‍ ആദ്യ സൂചനകള്‍ വന്നിരുന്നെങ്കിലും, അപകടസമയത്ത് മറ്റൊരു പൈലറ്റാണ് വിമാനം പറത്തിയിരുന്നതെന്ന് പിന്നീട് അധികൃതര്‍ സ്ഥിരീകരിച്ചു.

കാടുകൾ നിറഞ്ഞ ദുർഘടമായ പ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നത്. ഏകദേശം ആറ് മണിക്കൂറോളം നീണ്ട കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പരുക്കേറ്റ ജെസ്നിയെ പുറത്തെടുക്കാനായത്. നിലവിൽ നോർത്ത് ഈസ്റ്റ് ജോർജിയ മെഡിക്കൽ സെൻ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ജെസ്നി. ജെസ്നിയുടെ നില മെച്ചപ്പെടുന്നുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറ്റ്ലാൻ്റയിലെ മലയാളി സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ ദുരന്തം.

ഈ വിമാന അപകടം വ്യോമയാന മേഖലയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ട റോബിന്‍സണ്‍ ആര്‍66 ഹെലികോപ്റ്ററുകള്‍ ആധുനിക സംവിധാനങ്ങളുള്ളവയാണ്. നാല്‍പ്പതു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പ്രെസ്റ്റിജ് ഹെലികോപ്‌റ്റേഴ്‌സ് എന്ന പ്രമുഖ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം. തങ്ങളുടെ ചരിത്രത്തില്‍ ഇന്നേവരെ ഇത്തരമൊരു ദുരന്തം ഉണ്ടായിട്ടില്ലെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, അപകടം നടക്കുമ്പോള്‍ ഹെലികോപ്റ്റര്‍ നിയന്ത്രിച്ചിരുന്നത് ഈ റൂട്ടില്‍ നിരവധി തവണ പറന്ന് പരിചയസമ്പന്നനായ പൈലറ്റായിരുന്നു എന്നതും ദുരന്തത്തിന്റെ നിഗൂഢത വര്‍ദ്ധിപ്പിക്കുന്നു. യാന്ത്രിക തകരാറുകള്‍ പ്രകടമാകാത്ത സാഹചര്യത്തില്‍ ബാഹ്യമായ ഘടകങ്ങളിലേക്ക് അന്വേഷണം നീളുകയാണ്.
രാത്രികാലങ്ങളിലെ ഹെലികോപ്റ്റര്‍ യാത്രകളില്‍ നേരിടുന്ന സുരക്ഷാ വെല്ലുവിളികളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ അപകടമെന്ന് വ്യോമയാന വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

Malayali groom and pilot die in helicopter crash on wedding day in US; bride seriously injured

More Stories from this section

family-dental
witywide