വാഹനാപകട ദൃശ്യങ്ങൾ പകർത്തുന്നതിനിടെ വാർത്താ ചാനലിൻ്റെ ഹെലികോപ്റ്റർ തകർന്നുവീണു; മൂന്ന് മരണം, നാല് വാഹനങ്ങൾ കത്തിനശിച്ചു, ഞെട്ടൽ മാറാതെ ലോസ് ഏഞ്ചൽസ്

ലോസ് ഏഞ്ചൽസ്: യുഎസിലെ ലോസ് ഏഞ്ചൽസിൽ വാർത്താ ചാനലിന്റെ ഹെലികോപ്റ്റർ പാർക്കിംഗ് മൈതാനത്തേക്ക് തകർന്നു വീണ് മൂന്ന് പേർ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. പ്രദേശത്തുണ്ടായ മറ്റൊരു വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ ഹെലികോപ്റ്ററാണ് തകർന്നുവീണത്. ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നഗരത്തിൽ എസ്‌യുവി കാർ സിറ്റി ബസിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഥലത്തിന് തൊട്ടടുത്താണ് രണ്ടാമത്തെ ദുരന്തം സംഭവിച്ചത്. ബസ് അപകടം നടന്ന സ്ഥലത്തിന് മുകളിൽ വട്ടമിട്ടു പറക്കുന്നതിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. തകരുന്നതിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററിനുള്ളിൽ നിന്നുള്ള ക്യാമറ ദൃശ്യങ്ങൾ ശക്തമായി കുലുങ്ങുന്നത് പുറത്തുവന്ന വീഡിയോയിലുണ്ട്.

ഒരു വലിയ ഒറ്റനില കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് ഹെലികോപ്റ്റർ വീണതെന്ന് ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്‌മെന്റ് വക്താവ് ക്യാപ്റ്റൻ ബ്രാൻഡൻ സിൽവർമാൻ അറിയിച്ചു. അപകടത്തിൽ ഹെലികോപ്റ്റർ പൂർണ്ണമായും തകർന്നു. മരിച്ചവരിൽ ഒരാൾ പാർക്കിംഗ് മൈതാനത്ത് നിന്നിരുന്ന ആളാണ്. ബാക്കി രണ്ടുപേർ ഹെലികോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്നവരാണെന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ അവശിഷ്ടങ്ങൾക്കിടയിൽ പരിശോധന തുടരുകയാണ്.

അമ്പതിലധികം അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹെലികോപ്റ്റർ വീണതിനെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ പാർക്കിംഗ് ഏരിയയിലുണ്ടായിരുന്ന നാല് വാഹനങ്ങളും രണ്ട് വലിയ സ്റ്റോറേജ് കണ്ടെയ്‌നറുകളും പൂർണ്ണമായി കത്തിനശിച്ചു. അപകടത്തെക്കുറിച്ച് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സംയുക്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെയുണ്ടായ ബസ് അപകടവും അതിശക്തമായിരുന്നു. കാറിന്റെ പകുതിയോളം ഭാഗം മെട്രോ ബസിനുള്ളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ഈ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് തൊട്ടുമുകളിൽ വാർത്താ ഹെലികോപ്റ്റർ ദുരന്തവും സംഭവിച്ചത്.

Helicopter crash leaving Los Angeles in shock; three people died, and four vehicles were destroyed by fire.

More Stories from this section

family-dental
witywide