ലോസ് ആഞ്ചലസിൽ മലയാളിയായ നിത്യ രാമന് അട്ടിമറി വിജയം; നീല തരംഗത്തിൽ പിന്തുണക്കാർക്കൊപ്പം വൻ വിജയാഘോഷം

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് തരംഗം ആഞ്ഞടിച്ചപ്പോൾ ലോസ് ആഞ്ചലസിലും അതിന്റെ പ്രതിഫലനമായി നഗരസഭാംഗം നിത്യ രാമൻ മുന്നേറ്റം നടത്തി. തിരഞ്ഞെടുപ്പ് രാത്രിയിൽ ഗ്രീക്ക് തിയറ്ററിന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് പിന്തുണക്കാരെ ആവേശത്തിലാഴ്ത്തിയായിരുന്നു നിത്യയുടെ ആഘോഷം. ആദ്യഘട്ട വോട്ടെണ്ണലിൽ നിലവിലെ മേയർ കാരൻ ബാസിന് നേരിയ മുൻതൂക്കമുണ്ടായിരുന്നെങ്കിലും കൂടുതൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നിത്യ രാമൻ മുന്നിലെത്തി. എന്നാൽ യുവാക്കളുടെയും ഇടതുപക്ഷ നിലപാടുള്ളവരുടെയും വോട്ടുകൾ എണ്ണിയതോടെ രാമൻ മുന്നിലെത്തുകയായിരുന്നു.

നിത്യയുടെ വിജയത്തിൽ പിന്തുണക്കാർക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ജീവിതച്ചെലവ് വർധിച്ചതിലും പ്രതിസന്ധികൾ കൈകാര്യം ചെയ്ത മേയറുടെ രീതിയിലുമുള്ള ജനങ്ങളുടെ അതൃപ്തിയാണ് അനുകൂലമായത്. യുവാക്കൾ, ലാറ്റിനോ വോട്ടർമാർ, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾ എന്നിവരുടെ പിന്തുണയോടെ അവർ ശക്തമായ മുന്നേറ്റം നടത്തി.

യുവാക്കളും ഇടതുപക്ഷ ചായ്‌വുള്ള വോട്ടർമാരും ലാറ്റിനോ വിഭാഗക്കാരും ഉൾപ്പെടുന്ന വലിയൊരു കൂട്ടായ്മയാണ് അവർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. 45കാരിയായ നിത്യയുടെ സ്ഥാനാർഥിത്വത്തെ തുടക്കത്തിൽ എതിരാളികൾ ഗൗരവമായി കണ്ടിരുന്നില്ല. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പരിചയവും ഡെമോക്രാറ്റിക് നേതൃത്വത്തിന്റെ പിന്തുണയുമുള്ള കാരൻ ബാസിനെതിരെ വിജയസാധ്യത കുറവാണെന്നായിരുന്നു വിലയിരുത്തൽ. നഗരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മേയർ പരാജയപ്പെട്ടെന്നും ജനങ്ങളുടെ ആശങ്കകൾ അവഗണിച്ചെന്നും നിത്യയുടെ പിന്തുണക്കാർ ആരോപിച്ചു.

പിന്തുണക്കാർക്ക് നന്ദി അറിയിച്ച രാമൻ, മികച്ച നഗരവും ഭാവിയും കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. പ്രസംഗത്തിനുശേഷം മാതാപിതാക്കളും ഭർത്താവും മക്കളുമടങ്ങുന്ന കുടുംബത്തിനൊപ്പവും പിന്തുണക്കാർക്കൊപ്പ‌വും നൃത്തം ചെയ്തും ചിത്രങ്ങളെടുത്തും അവർ ആഘോഷത്തിൽ പങ്കുചേർന്നു.

മലയാളിയായ നിത്യാ രാമൻ

ആറു വർഷത്തോളമായി ഡിസ്ട്രിക്ട് 4നെ പ്രതിനിധീകരിക്കുന്ന ലൊസാഞ്ചലസ് സിറ്റി കൗൺസിൽ അംഗമായ നിത്യ സിറ്റി കൗൺസിലിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ വനിതയും ആദ്യത്തെ ദക്ഷിണേഷ്യൻ വംശജയുമാണ്. ഭവനരഹിതർക്കു സേവനങ്ങൾ എത്തിക്കുന്നതിനും, വീടുകൾ നിർമിച്ചു നൽകുന്നതിലും നിത്യ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധ നേടിയിരുന്നു.

കേരളത്തിൽ 1981 ജൂലൈ 28 നാണ് നിത്യ രാമന്റെ ജനനം. തിരുവനന്തപുരം നഗരത്തിലെ കോട്ടയ്ക്കകത്ത് രാമസ്വാമി കോവിൽതെരുവിലാണ് നിത്യയുടെ കുടുംബം പതിറ്റാണ്ടുകൾക്കു മുൻപ് കഴിഞ്ഞിരുന്നത്. പോസ്റ്റ്‌മാസ്റ്ററായിരുന്ന കെ.രാമയ്യരുടെ ചെറുമകളാണ് നിത്യ. കെൽട്രോണിലെ ഉദ്യോഗസ്ഥനായിരുന്ന ആർ.വെങ്കട്ടരാമനും ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജീവനക്കാരിയായിരുന്ന സുധയുമാണ് മാതാപിതാക്കൾ.

നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോഴാണു കുടുംബം അമേരിക്കയിലെ ലൂസിയാനയിലേക്കു കുടിയേറിയത്. ഹാർവാർഡ് സർവകലാശാലയിൽ നിന്നു സോഷ്യോളജിയിൽ മസാച്യുസെറ്റ്സ് ഇൻ ടെക്നോളജിയിൽ നിന്ന് നഗരാസൂത്രണത്തിൽ ബിരുദം കരസ്ഥ‌മാക്കി. തമിഴ് വംശജനും തിരക്കഥാകൃത്തുമായ വാലി ചന്ദ്രശേഖരനാണ് നിത്യയുടെ ഭർത്താവ്. ഇരട്ടകുട്ടികളായ കർണനും കാവേരിക്കുമൊപ്പം സിൽവർ ലേക്കിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്.

More Stories from this section

family-dental
witywide