ഇടക്കാല തിരഞ്ഞെടുപ്പ്; ഫലം അറിയാൻ അലാസ്കയിലെ വോട്ടർമാർക്ക് ആഴ്ചകൾ കാത്തിരിക്കണം

അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ഫലം വേഗത്തിൽ പുറത്തുവന്നെങ്കിലും, ഏറെ ശ്രദ്ധേയമായ അലാസ്കയിലെ സെനറ്റ് പോരാട്ടത്തിന്റെ ഫലം അറിയാൻ ആഴ്ചകൾ കാത്തിരിക്കേണ്ടിവരും. സംസ്ഥാനത്തിന്റെ വിശാലമായ ഭൂമിശാസ്ത്രവും മുൻഗണനാ വോട്ടിങ് രീതിയുമാണ് ഇതിന് കാരണം. അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ അലാസ്കയിൽ ഏകദേശം ആറുലക്ഷം രജിസ്റ്റർ ചെയ്ത വോട്ടർമാരാണുള്ളത്. ടെക്സസിന്റെ ഇരട്ടിയോളം വിസ്തൃതിയുള്ള സംസ്ഥാനത്തിന്റെ വിദൂര പ്രദേശങ്ങളിൽ പലതിലും വിമാനത്തിലോ ബോട്ടിലോ മാത്രമേ എത്താനാകൂ. അതിനാൽ തിരഞ്ഞെടുപ്പ് ദിവസം കഴിഞ്ഞും ബാലറ്റുകൾ തിരഞ്ഞെടുപ്പ് ഓഫീസുകളിൽ എത്താൻ കൂടുതൽ സമയം അനുവദിക്കുന്നുണ്ട്.

കോൺഗ്രസ് തിരഞ്ഞെടുപ്പുകളിൽ മുൻഗണനാ വോട്ടിങ് രീതി (റാങ്ക്ഡ് ചോയ്സ് വോട്ടിങ്) സ്ഥിരമായി ഉപയോഗിക്കുന്ന അമേരിക്കയിലെ രണ്ട് സംസ്ഥാനങ്ങളിൽ ഒന്നാണ് അലാസ്ക. മെയ്ൻ ആണ് മറ്റൊരു സംസ്ഥാനം. വോട്ടർമാർ സ്ഥാനാർഥികളെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കുന്നതാണ് ഈ രീതി. ആദ്യ മുൻഗണനാ വോട്ടുകളിൽ ഒരാൾക്കും 50 ശതമാനത്തിലധികം ലഭിച്ചില്ലെങ്കിൽ ഏറ്റവും കുറവ് വോട്ട് നേടിയ സ്ഥാനാർഥി പുറത്താകും. ഇയാളുടെ വോട്ടുകൾ വോട്ടർമാർ രേഖപ്പെടുത്തിയ രണ്ടാമത്തെ മുൻഗണന അനുസരിച്ച് മറ്റുള്ളവർക്ക് കൈമാറും. ഒരാൾക്ക് ഭൂരിപക്ഷം ലഭിക്കുന്നതുവരെ ഈ പ്രക്രിയ തുടരും.

2020ൽ 50.6 ശതമാനം വോട്ടുകളുടെ പിന്തുണയോടെയാണ് അലാസ്ക ഈ രീതി അംഗീകരിച്ചത്. 2022ലാണ് നടപ്പാക്കിയത്. 2024ൽ ഇത് പിൻവലിക്കാനുള്ള നീക്കം 743 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ടു. ഇത്തവണയും രീതി റദ്ദാക്കാനുള്ള നിർദേശം വോട്ടെടുപ്പിലുണ്ട്. ബുധനാഴ്ചത്തെ കണക്കുകൾ പ്രകാരം ഇത് നിലനിർത്തുന്നതിനെ അനുകൂലിക്കുന്നവർക്ക് നേരിയ മുൻതൂക്കമുണ്ട്.

അലാസ്കയിലെ പ്രാഥമിക തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന നാല് സ്ഥാനാർഥികളാണ് പൊതുതിരഞ്ഞെടുപ്പിലേക്ക് യോഗ്യത നേടുന്നത്. നിലവിലെ റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ സള്ളിവൻ, ഡെമോക്രാറ്റിക് സ്ഥാനാർഥിയും മുൻ ജനപ്രതിനിധിയുമായ മേരി പെൽറ്റോള, വിരമിച്ച അധ്യാപകൻ ഡാനിയൽ ജെ. സള്ളിവൻ, റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെറാൾഡ് ഹൈക്സ് എന്നിവരാണ് ഇത്തവണ മത്സരിക്കുന്നത്.

നിലവിലെ സെനറ്റർ ഡാൻ സള്ളിവന്റെ അതേ പേരുള്ള മറ്റൊരു സ്ഥാനാർഥിയെ രംഗത്തിറക്കി റിപ്പബ്ലിക്കൻ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടന്നെന്ന റിപ്പോർട്ടാണ് തിരഞ്ഞെടുപ്പിനെ വിവാദത്തിലാക്കിയത്. മേരി പെൽറ്റോളയുടെ സഹായികൾക്ക് ഇതിൽ പങ്കുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തെങ്കിലും ആരോപണം അവർ നിഷേധിച്ചു. സംഭവത്തിൽ സംസ്ഥാന, ഫെഡറൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

ബുധനാഴ്ചത്തെ വോട്ടെണ്ണൽ പ്രകാരം മേരി പെൽറ്റോള നിലവിലെ സെനറ്റർ ഡാൻ സള്ളിവനെക്കാൾ നേരിയ മുൻതൂക്കം നേടിയിട്ടുണ്ട്. എന്നാൽ അവർക്ക് 50 ശതമാനം വോട്ട് ലഭിച്ചിട്ടില്ല. ജെറാൾഡ് ഹൈക്സിന് 4,800ലധികം വോട്ടുകളും രണ്ടാമത്തെ ഡാൻ സള്ളിവന് 3,500 വോട്ടുകളുമാണ് ലഭിച്ചത്.ഹൈക്സിന് വോട്ട് ചെയ്തവർ രണ്ടാം മുൻഗണനയായി നിലവിലെ സെനറ്റർ ഡാൻ സള്ളിവനെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് മൂന്നാം തവണയും സെനറ്റിലെത്താൻ സഹായകമായേക്കും.

തിരഞ്ഞെടുപ്പ് ദിവസം കഴിഞ്ഞ് 10 ദിവസം വരെ ചില തപാൽ വോട്ടുകൾ സ്വീകരിക്കാൻ അലാസ്കയിൽ അനുമതിയുണ്ട്. അതിനാൽ ഫലം പ്രഖ്യാപിക്കാൻ വൈകും. ആവശ്യമെങ്കിൽ നവംബർ 18ന് മുൻഗണനാ വോട്ടുകളുടെ അടിസ്ഥാനത്തിലുള്ള വോട്ടെണ്ണൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Midterm election: Voters in Alaska may have to wait weeks to know the results.

More Stories from this section

family-dental
witywide