പത്തുലക്ഷം പൗണ്ട് പടക്കങ്ങൾ, ബോംബ് സ്ഫോടനത്തിന് സമാനമായ ആഘാതം; കാലിഫോർണിയയെ നടുക്കിയ ദുരന്തത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനടക്കം 5 പേർക്കെതിരെ കൊലപാതകക്കുറ്റം

കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിലെ ഒരു പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. യോലോ കൗണ്ടിയിലെ എസ്പാർട്ടോ എന്ന കാർഷിക മേഖലയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന നിയമവിരുദ്ധവും അപകടകരവുമായ സംഭരണശാലയുടെ നടത്തിപ്പുകാർക്കെതിരെയാണ് നടപടി.
യോലോ കൗണ്ടി ഗ്രാൻഡ് ജൂറിയുടെ കുറ്റപത്രത്തെത്തുടർന്നാണ് കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയത്. കേസിൽ ഉൾപ്പെട്ട എട്ടുപേർക്കെതിരെ ഗൂഢാലോചന, സ്ഫോടകവസ്തുക്കളുടെയും ആയുധങ്ങളുടെയും നിയമവിരുദ്ധ കൈവശം വെക്കൽ, ഇൻഷുറൻസ് തട്ടിപ്പ്, ശിശു പീഡനം, മൃഗങ്ങളോടുള്ള ക്രൂരത തുടങ്ങി മുപ്പതോളം ചാർജുകളാണ് നിലവിലുള്ളത്.

കൊലപാതകക്കുറ്റം ചുമത്തപ്പെട്ടവരിൽ സംഭരണശാലയുടെ ഉടമയും യോലോ കൗണ്ടി ഷെരീഫ് ഓഫീസിലെ മുൻ ലെഫ്റ്റനൻ്റുമായ സാമുവൽ മച്ചാഡോയും ഉൾപ്പെടുന്നു. തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വർഷങ്ങളോളം ഈ അനധികൃത ഇടപാടിന് അദ്ദേഹം സംരക്ഷണം നൽകിയെന്ന് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. ‘ഡിവാസ്റ്റേറ്റിംഗ് പൈറോടെക്നിക്സ്’ ഉടമ കെന്നത്ത് ചീ, ഓപ്പറേഷൻ മാനേജർ ജാക്ക് ലീ, ലൈസൻസ് ഉടമ ഗാരി ചാൻ ജൂനിയർ എന്നിവരും പിടിയിലായിട്ടുണ്ട്. അഞ്ചാം പ്രതിയായ ഡഗ്ലസ് ടോളെഫ്സൺ ഒളിവിലാണ്.

ഏകദേശം പത്തുലക്ഷം പൗണ്ട് (ഒരു മില്യൺ പൗണ്ട്) പടക്കങ്ങളാണ് സ്ഫോടനസമയത്ത് ഇവിടെ സൂക്ഷിച്ചിരുന്നത്. 2015-ൽ 13 കണ്ടെയ്നറുകളുമായി തുടങ്ങിയ ഈ സ്ഥാപനം കഴിഞ്ഞ വർഷത്തോടെ 50 കണ്ടെയ്നറുകളായി വ്യാപിച്ചിരുന്നു. നിയമപരമായി അനുവദനീയമായതിലും എത്രയോ മടങ്ങ് സ്ഫോടനശേഷിയുള്ള വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ബോംബ് പൊട്ടിയതിന് സമാനമായ ആഘാതമാണ് പ്രദേശത്തുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും മനുഷ്യരും വളർത്തുമൃഗങ്ങളും പരിഭ്രാന്തരായി ചിതറിയോടുകയും ചെയ്തു. സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കായി വിവിധ കൗണ്ടികളിൽ എത്തിക്കേണ്ടിയിരുന്ന പടക്കങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇവ നശിച്ചതോടെ പലയിടങ്ങളിലും ആഘോഷപരിപാടികൾ തടസ്സപ്പെട്ടു. കേസിൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Massive explosion at fireworks warehouse in Northern California: 5 people, including former police officer, charged with murder

More Stories from this section

family-dental
witywide