വാഷിങ്ടൺ: കൗമാരക്കാർക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട നിർണായക കേസിൽ മെറ്റയുമായി 52 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ ഒത്തുതീർപ്പിലെത്തി. ഒത്തുതീർപ്പിന്റെ ഭാഗമായി 18 വയസ്സിന് താഴെയുള്ളവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോഗത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.18 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് ഡിഫോൾട്ടായി പ്രതിദിനം രണ്ട് മണിക്കൂർ ഉപയോഗപരിധി ഏർപ്പെടുത്തും. മാതാപിതാക്കൾക്ക് മാത്രമേ ഈ നിയന്ത്രണം നീക്കാൻ കഴിയൂ. യുവ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ലൈക്കുകളുടെയും റിയാക്ഷനുകളുടെയും എണ്ണം പ്രദർശിപ്പിക്കുന്നതും മെറ്റ നിർത്തും.
യുവാക്കൾക്ക് താൽപര്യമുണ്ടെങ്കിൽ വ്യക്തിഗത വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലാത്ത ഫീഡും ഉപയോഗിക്കാം. കൂടുതൽ സമയം സ്ക്രോൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിൽ അൽഗോരിതം ഉപയോഗിച്ച് ഉള്ളടക്കം തിരഞ്ഞെടുത്ത് നൽകാത്ത സംവിധാനമായിരിക്കും ഇത്. അടുത്ത 10 വർഷത്തിനിടെ വിവിധ ഘട്ടങ്ങളിലായി 18 ബില്യൺ ഡോളർ വരെ നൽകാൻ മെറ്റ സമ്മതിച്ചതായും കമ്പനി അറിയിച്ചു. എന്നാൽ ഒത്തുതീർപ്പിൽ ഏർപ്പെട്ടതിലൂടെ തങ്ങൾ തെറ്റ് ചെയ്തതായി മെറ്റ സമ്മതിച്ചിട്ടില്ല.സംസ്ഥാന അറ്റോർണി ജനറൽമാരുമായി ചേർന്ന് സോഷ്യൽ മീഡിയ മേഖലയ്ക്ക് പുതിയ മാനദണ്ഡം രൂപപ്പെടുത്തുകയാണെന്ന് മെറ്റ വ്യക്തമാക്കി.
കൗമാരക്കാർക്ക് പ്ലാറ്റ്‌ഫോമുകളിൽ സുരക്ഷിതവും ഉൽപാദനക്ഷമവുമായ അനുഭവം ഉറപ്പാക്കുക കമ്പനിയുടെ പ്രധാന ഉത്തരവാദിത്വമാണെന്നും മെറ്റ പറഞ്ഞു.യുവ ഉപയോക്താക്കൾക്കായി അപകടകരമായ ഉൽപന്നമാണ് മെറ്റ രൂപകൽപ്പന ചെയ്തതെന്ന് സംസ്ഥാന അറ്റോർണി ജനറൽമാർ നേരത്തെ ആരോപിച്ചിരുന്നു. ഉൽപന്നം അപകടകരമാണെന്ന് കമ്പനിക്ക് അറിയാമായിരുന്നിട്ടും ഇക്കാര്യം മറച്ചുവച്ചെന്നും അവർ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മെറ്റ പ്രതികരിച്ചു.
കാലിഫോർണിയയിലെ ഓക്‌ലൻഡിലെ കോടതിയിൽ നടന്നുവന്ന ഫെഡറൽ കേസിലാണ് പുതിയ ഒത്തുതീർപ്പ്. ഇൻസ്റ്റഗ്രാം മേധാവി ആഡം മൊസേരി കോടതിയിൽ മൊഴി നൽകിയതിന് പിന്നാലെയാണ് ഇരുകക്ഷികളും ധാരണയിലെത്തിയത്. ഇൻസ്റ്റഗ്രാമിന്റെ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളിൽനിന്ന് മറച്ചുവച്ചെന്ന ആരോപണം മൊസേരി നിഷേധിച്ചിരുന്നു. ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ മെറ്റക്കെതിരെ നൽകിയ മറ്റൊരു കേസിൽ കമ്പനി പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതിയ ഒത്തുതീർപ്പ്.
യുവാക്കൾക്കിടയിലെ മാനസികാരോഗ്യ പ്രതിസന്ധിക്ക് മെറ്റ സംഭാവന നൽകിയതായി ജഡ്ജി കണ്ടെത്തുകയും കമ്പനിക്ക് 567 മില്യൺ ഡോളർ പിഴ ചുമത്തുകയും ആപ്പുകളിൽ മാറ്റങ്ങൾ വരുത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ അപ്പീൽ നൽകുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.ബുധനാഴ്ചയിലെ ഒത്തുതീർപ്പ് കോടതി അംഗീകരിക്കേണ്ടതുണ്ട്. ന്യൂ മെക്സിക്കോയും ഫ്ലോറിഡയും മാത്രമാണ് കരാറിൽ ഉൾപ്പെടാത്ത സംസ്ഥാനങ്ങൾ. ഒത്തുതീർപ്പിനെ ഫ്ലോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്മെയർ രൂക്ഷമായി വിമർശിച്ചു. ട്രില്യൺ ഡോളർ മൂല്യമുള്ള കമ്പനിക്ക് ലഭിച്ച ചെറിയ ശിക്ഷ മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.
മെറ്റയുടെ ലാഭം ലക്ഷ്യമിട്ടുള്ള അടിമത്തമുണ്ടാക്കുന്ന ഫീച്ചറുകൾ കുട്ടികൾക്ക് വരുത്തിയ ഗുരുതരമായ ദോഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന തുക നിസ്സാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Meta settles with states in landmark social media addiction case









