കള്ളപ്പണം വെളുപ്പിക്കൽ: യുഎസിലെ മലയാളി ജഡ്ജിയായ കെ.പി. ജോർജിന് 6 മാസം തടവ്

ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക ക്രമക്കേട് കേസിൽ മലയാളി മുൻ ജഡ്ജി കെ.പി. ജോർജിന് (60) ആറ് മാസം (180 ദിവസം) തടവും അഞ്ച് വർഷം പ്രൊബേഷനും വിധിച്ചു. ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി മുൻ ചീഫ് ജഡ്ജിയായ ഇദ്ദേഹത്തെ ഔദ്യോഗിക പദവികളിൽ നിന്ന് സ്ഥിരമായി നീക്കം ചെയ്യാനും 458-ാം ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി മാഗി ജരാമില്ലോ ഉത്തരവിട്ടു. പത്തനംതിട്ട സ്വദേശിയായ കെ.പി. ജോർജ്, അമേരിക്കയിൽ കൗണ്ടി ഭരണത്തലവനാകുന്ന ആദ്യ മലയാളിയാണ്.

5,000 ഡോളർ (ഏകദേശം 4.15 ലക്ഷം രൂപ) പിഴ ചുമത്തിയ കോടതി, 200 മണിക്കൂർ കമ്മ്യൂണിറ്റി സർവീസ് നടത്താനും ആന്റി-തെഫ്റ്റ് ക്ലാസിൽ പങ്കെടുക്കാനും ഇദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. ശിക്ഷാവിധിക്ക് പിന്നാലെ കെ.പി. ജോർജ് ഉടൻ തന്നെ മേൽക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ടെക്സസ് നിയമപ്രകാരം അപ്പീലിൽ അന്തിമ തീരുമാനമാകും വരെ അദ്ദേഹത്തിന് ജയിൽ ശിക്ഷയിൽ താൽക്കാലിക ഇളവ് ലഭിക്കും.

തൻ്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിലേക്ക് ദാതാക്കൾ നൽകിയ പണത്തിൽ നിന്ന് 46,500 ഡോളറിലധികം (ഏകദേശം 38 ലക്ഷത്തിലധികം രൂപ) സ്വന്തം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് കേസ്. ഈ തുക ഉപയോഗിച്ച് സ്വന്തം വീടിൻ്റെ പ്രോപ്പർട്ടി ടാക്സ് അടയ്ക്കുകയും ആഡംബര കാറിൻ്റെ ലോൺ ഗഡുക്കൾ തീർക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു. ഈ സാമ്പത്തിക ക്രമക്കേട് മറച്ചുവെക്കാൻ ഔദ്യോഗിക ഫിനാൻസ് റിപ്പോർട്ടുകളിൽ വ്യാജവിവരങ്ങൾ രേഖപ്പെടുത്തിയതിനാണ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയത്.

1993-ൽ യുഎസിലേക്ക് കുടിയേറിയ കെ.പി. ജോർജ്, 2018-ലാണ് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെടുന്നത്. കൗണ്ടി ജഡ്ജി എന്നത് അവിടെ ഒരു സാധാരണ പദവിയല്ല, മറിച്ച് വലിയ സാമ്പത്തിക-ഭരണാധികാരങ്ങളുള്ള ചീഫ് എക്സിക്യൂട്ടീവ് പദവിയാണ്.

വിവാദങ്ങൾ ഒഴിയാതെ ജോർജ്

തിരഞ്ഞെടുപ്പ് വിജയത്തിനായി വോട്ടർമാരുടെ സഹതാപം നേടാൻ സ്വന്തം ചീഫ് ഓഫ് സ്റ്റാഫുമായി ചേർന്ന് സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി, തനിക്കെതിരെ തന്നെ വംശീയ അധിക്ഷേപങ്ങൾ കെട്ടിച്ചമച്ചെന്ന മറ്റൊരു കേസും ഇദ്ദേഹത്തിനെതിരെയുണ്ട്. ഈ കേസിൻ്റെ വിചാരണ വരും മാസങ്ങളിൽ നടക്കും

Money laundering: US-based Malayali judge K.P. George sentenced to 6 months in prison

More Stories from this section

family-dental
witywide