സ്ഫോടന സമയത്ത് മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പൊലീസിന്റെ പ്രാഥമിക കണക്ക്. സ്ഫോടനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്ഫോടനം സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അപകടം അന്വേഷിക്കും. ഒമ്പത് സിഐമാർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നിലവിൽ 13 പേർ മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഫോടന സ്ഥലത്ത് നിന്ന് ശരീര ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഡിഎൻഎ പരിശോധന നടത്തും. ശരീരഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേഗത്തിലാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. ഇന്ന് രണ്ട് ശരീര ഭാഗങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെടുത്തത്. വീണ്ടും ശരീരഭാഗങ്ങൾ ലഭിച്ചതിനാൽ പാടശേഖരത്തിൽ രണ്ടുദിവസം തുടർച്ചയായി തിരച്ചിൽ നടത്താനാണ് പൊലീസ് തീരുമാനം.
കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. അപകടസ്ഥലത്തും കുട്ടംകുളം പാടത്തും തിരച്ചിൽ പുരോഗമിക്കുകയാണ്. പതിനൊന്ന് പേരാണ് സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ളത്. രണ്ട് പേർ വെന്റിലേറ്ററിലാണ്. ചികിത്സയിലുള്ള പതിനൊന്ന് പേരിൽ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
Mundathikode fireworks accident: Initial information says there were 34 people in the fireworks shed













