ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന പത്തൊൻപതാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻറ്, വോളിബോളിനെ ഹൃദയത്തിൽ ഏറ്റിയ ഷിക്കാഗോയുടെ മണ്ണിലേക്ക്… വോളി ടൂർണമെൻ്റ് സെപ്റ്റംബർ 5 ന് ഇല്ലിനോയ് , ബെൻസൻവില്ലിലുള്ള എനർജി സ്പോർട്സ് കോംപ്ളക്സിൽ രാവിലെ 8 മുതൽ ആരംഭിക്കുമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ ഭാരവാഹികളും എൻ.കെ. ലൂക്കോസ് ഫൌണ്ടേഷൻ ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ മുഖ്യാതിഥിയായി പങ്കെടുക്കും. അമേരിക്കയിലെ 12 സംസ്ഥാനങ്ങളിൽ നിന്നായി നിരവധി ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഓപ്പൺ പൂളിൽ പന്ത്രണ്ടു ടീമുകൾ, 18 വയസ്സിൽ താഴെ ഉള്ളവരുടെ ടീമുകൾ, നാൽപ്പതിന് മുകളിൽ പ്രായമുള്ളവരുടെ ടീമുകൾ, വനിതാ ടീമുകൾ എന്നിവരുടെ വെവ്വേറെ മത്സരങ്ങളുണ്ടായിരിക്കും.
ട്രോഫികൾ കൂടാതെ എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ നൽകുന്ന 5000 ഡോളറിൻറെ ക്യാഷ് അവാർഡുകൾ വിജയികളാകുന്ന ടീമുകൾക്ക് ലഭിക്കുമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ജോസ് മണക്കാട്ട് അറിയിച്ചു. കൂടാതെ ഷിക്കാഗോ മലയാളി അസോസിയേഷൻ നൽകുന്ന സമ്മാനങ്ങളും ഉണ്ടായിരിക്കും. കിങ്സ് എൻ്റർടെയിൻമെൻ്റ് ആൻഡ് ഗെയിംമിങ്ങാണ് ടൂർണമെൻ്റിൻ്റെ പ്രധാന പ്രായോജകർ.
അമേരിക്കയിലുള്ള മലയാളി വോളിബോൾ പ്രേമികൾക്ക് പിന്തുണയും പ്രചോദനവുമാകാനാണ് ഇത്തരത്തിൽ ഒരു അന്താരാഷ്ട്ര ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത് എന്ന് എൻ കെ ലൂക്കോസ് ഫൌണ്ടേഷൻ വൈസ് പ്രസിഡൻ്റ് പയസ് ആലപ്പാട്ട് പറഞ്ഞു.
ഷിക്കാഗോ മലയാളി അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങൾ ഏറെ അഭിമാനത്തോടെയാണ് ഈ ടൂർണമെൻ്റിനെ വരവേൽക്കുന്നത് എന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ ട്രഷറർ അച്ചൻകുഞ്ഞ് മാത്യു പറഞ്ഞു.
ഇതൊരു അന്താരാഷ്ട്ര മൽസരമാണെന്നും വിവിധ ടീമുകളുടെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള കളിക്കാർ മാറ്റുരയ്ക്കുമെന്നും എൻ.കെ. ലൂക്കോസ് ഫൌണ്ടേഷൻ നാഷനൽ മെംബർ സിബി കദളിമറ്റം അറിയിച്ചു.
ടൂർണമെൻ്റ് സെപ്റ്റംബർ 5 ന് രാവിലെ 8 മണിക്കു തുടങ്ങുമെന്നും ഫൈനൽ മൽസരം വൈകിട്ട് ഏഴോടെ നടക്കുമെന്നും ടൂർണമെന്റ് ചെയർമാൻ ജിനു ജോൺ പുന്നശ്ശേരിയിൽ അറിയിച്ചു.
19 വർഷം മുമ്പ് ഷിക്കാഗോയിലാണ് എൻകെ ലൂക്കോസ് മെമ്മോറിയൽ വോളി ടൂർണമെൻ്റിന് തുടക്കമായത്. പിന്നീട് പല തവണ ഷിക്കാഗോ ടൂർണമെൻ്റിന് ആതിഥ്യമേകി. ഇത്രവർഷങ്ങളായിട്ടും ഈ ടൂർണമെൻ്റ് വളരെ മനോഹരമായി മുന്നോട്ടു പോവുകയാണ്. ഇവിടെ വരുന്ന ടീമുകളെല്ലാം അവരുടെ സ്വന്തം ചെലവിലാണ് വരുന്നതും താമസിക്കുന്നതും എല്ലാം. സ്പോർട്സ്മാൻ സ്പിരിറ്റാണ് ഇവരെ എല്ലാവരേയും ഒന്നിപ്പിക്കുന്ന ഘടകം – ടൂർണമെൻ്റിൻ്റെ തുടക്കക്കാരിൽ ഒരാളും എൻ കെ ലൂക്കോസ് ഫൌണ്ടേഷൻ അഡ്വൈസറി ബോർഡ് അംഗവുമായ പീറ്റർ മാത്യു കുളങ്ങര പറഞ്ഞു.
ഇല്ലിനോയ് , ബെൻസൻവില്ലിലുള്ള എനർജി സ്പോർട്സ് കോംപ്ളസ് പതിനായിരത്തോളം കാണികൾക്ക് ഇരിക്കാൻ തക്കവിധം സൌകര്യമുള്ള ഇടമാണെന്നും എല്ലാവരേയും വാഹനങ്ങൾ പാർക് ചെയ്യാൻ ധാരാളം സ്ഥലമുണ്ടെന്നും ടൂർണമെൻ്റ് അഡ്വൈസറി ബോർഡ് അംഗം സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.
ഷിക്കാഗോ എന്നും വോളിബോളിനെ പ്രോൽസാഹിപ്പിക്കുന്ന നഗരമാണെന്നും ഇവിടത്തെ മലയാളികളുടേയും മാധ്യമങ്ങളുടേയും വലിയ പിന്തുണ ഈ ടൂർണമെൻ്റിൻ്റെ മുതൽകൂട്ടാണെന്നും ജനറൽ കൺവീനർ മാത്യു തട്ടാമറ്റം പറഞ്ഞു.
കളിക്കാർക്കും അവർക്ക് ഒപ്പം വരുന്നവർക്കും ഭക്ഷണം സൌജന്യമായിരിക്കുമെന്നും മൽസരത്തിനു ശേഷം നടക്കുന്ന ബാൻക്വിറ്റിൽ എല്ലാവർക്കും ഭക്ഷണമുണ്ടായിരിക്കുമെന്നും ജോഷി പുത്തൂരാൻ അറിയിച്ചു.
ഷിക്കാഗോ മലയാളി അസോസിയേഷൻ ജോയിൻ്റ് ട്രഷറർ പ്രിൻസ് ഈപ്പൻ, ജെസ്സ്‌മോൻ പുറമഠം, റിൻ്റു ഫിലിപ് എന്നിവർ എല്ലാവരേയും ടൂർണമെൻ്റിലേക്ക് സ്വാഗതം ചെയ്തു.
ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്റർ ഭാരവാഹികളായ പ്രസിഡൻ്റ് പ്രസന്നൻ പിള്ള, സെക്രട്ടറി അലൻ ജോർജ്, ട്രഷറർ അനിലാൽ ശ്രീനിവാസൻ, ഫ്ളവേഴ്സ് ടിവി യുഎസ് സിഇഒ ബിജു സഖറിയ, ഐപിസിഎൻഎ അഡ്വൈസറി ബോർഡ് അഗവും എൻആർഐ റിപ്പോർട്ടർ സിഇഒയുമായ ബിജു കിഴക്കേക്കുറ്റ്, ഡൊമിനിക് ചൊള്ളമ്പേൽ, വർഗീസ് പാലമലയിൽ എന്നിവർ വാർത്താ സമ്മേളനത്തിന് നേതൃത്വം നൽകി.
എൻ.കെ. ലൂക്കോസിനെ ഓർമിക്കുമ്പോൾ
തൊടുപുഴ കരിങ്കുന്നം സ്വദേശി നടുമ്പറമ്പിൽ എൻ.കെ. ലൂക്കോസ് എന്നും വോളിബോളിനെ ആവേശത്തോടെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽ ലോക പ്രശസ്ത വോളിതാരം ജിമ്മിജോർജിനൊപ്പം കളിച്ചിരുന്ന വ്യക്തിയായിരുന്നു.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വോളിബോൾ ടീം അംഗമായിരുന്നു. 1980 ലാണ് അദ്ദേഹം അമേരിക്കയിൽ എത്തിയത്. 1987ലാണ് സുഹൃത്തുക്കളുമായി ചേർന്ന് ന്യൂയോർക്കിൽ “കേരള സ്‌പൈക്കേഴ്‌സ്” എന്ന പേരിൽ ഒരു വോളിബോൾ ടീം രൂപീകരിച്ചത്. സ്പോർട്സ് കൂടാതെ വിവിധ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും എൻ.കെ. ലൂക്കോസ് സജീവമായിരുന്നു. 2003 ലാണ് ന്യൂജഴ്സിയിലുണ്ടായ വാഹന അപകടത്തിൽ മരണമടഞ്ഞത്.
എൻ.കെ.ലൂക്കോസിന്റെ സ്മരണയ്ക്കായാണ് കുടുംബവും, സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ, വോളിബോളിനെ പ്രോത്സാഹിപ്പിക്കാനായി കഴിഞ്ഞ 19 വർഷമായി അമേരിക്കയിലും, കേരളത്തിലുമായി വോളിബോൾ ടൂർണമെന്റുകൾ നടത്തുന്നത്.











