
ബ്രസ്സൽസ്: ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ശേഷി തകർക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എടുത്ത തീരുമാനത്തെ പ്രശംസിച്ച് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾ തകർക്കാനുള്ള അമേരിക്കയുടെ സൈനിക നീക്കത്തെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കിയ അദ്ദേഹം, അയൽരാജ്യങ്ങൾക്കും യൂറോപ്പിനും ഭീഷണിയാകുന്ന രീതിയിൽ ഇറാന് ഇനി വളരാൻ കഴിയില്ലെന്ന് ഉറപ്പാക്കണമെന്നും പറഞ്ഞു. വ്യാഴാഴ്ച നൽകിയ വീഡിയോ അഭിമുഖത്തിലാണ് റുട്ടെ അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
നാറ്റോ അംഗരാജ്യമായ തുർക്കിയുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി വന്ന ഇറാനിയൻ മിസൈൽ നാറ്റോ പ്രതിരോധ സംവിധാനം വെടിവെച്ചിട്ട സംഭവത്തെ അദ്ദേഹം ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരമൊരു ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ അവകാശപ്പെടുന്നുണ്ടെങ്കിലും, നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ സജ്ജമാണെന്നതിൻ്റെ തെളിവാണ് ഈ മിസൈൽ വേധ നടപടിയെന്ന് റുട്ടെ ചൂണ്ടിക്കാട്ടി. എന്നാൽ, അമേരിക്ക നടത്തുന്ന ഈ യുദ്ധത്തിൽ നാറ്റോ സഖ്യം നേരിട്ട് പങ്കാളികളാകില്ലെന്നും അദ്ദേഹം അസന്നിഗ്ദ്ധമായി വ്യക്തമാക്കി.
അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് യൂറോപ്യൻ സഖ്യകക്ഷികൾ നൽകുന്ന പിന്തുണ നിർണ്ണായകമാണെന്ന് റുട്ടെ ഓർമ്മിപ്പിച്ചു. നാറ്റോ നേരിട്ട് യുദ്ധം ചെയ്യുന്നില്ലെങ്കിലും, അമേരിക്കയ്ക്ക് തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനുള്ള ഒരു പ്രധാന വേദിയായി ഈ സഖ്യം പ്രവർത്തിക്കുന്നുണ്ട്. ഭീകരവാദവും അരാജകത്വവും കയറ്റുമതി ചെയ്യുന്ന ഇറാന്റെ ശേഷി ഇല്ലാതാക്കാൻ ട്രംപ് കാണിച്ച നേതൃപാടവം പ്രശംസനീയമാണെന്നും, അത്തരമൊരു ശക്തമായ തീരുമാനത്തിന് പിന്തുണ നൽകുന്നതിൽ തെറ്റില്ലെന്നും റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.














