ഇറാനെതിരായ യുദ്ധം പുനരാരംഭിക്കാൻ ട്രംപിനുമേൽ നെതന്യാഹുവിന്റെ സമ്മർദം; വൈറ്റ് ഹൗസിലും എതിർപ്പ്

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ദിവസവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ ബന്ധപ്പെടുന്നതായി റിപ്പോർട്ട്. അതേസമയം, സംഘർഷം വീണ്ടും രൂക്ഷമാകുന്നത് തടയാനും നയതന്ത്ര ചർച്ചകൾക്ക് വഴിയൊരുക്കാനും അറബ്, മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കളും വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരും ശ്രമം ശക്തമാക്കിയിട്ടുണ്ട്.

നെതന്യാഹു ദിവസവും യുദ്ധം പുനരാരംഭിക്കാൻ ട്രംപിനുമേൽ സമ്മർദം ചെലുത്തുന്നുണ്ടെന്നും വൈറ്റ് ഹൗസിനകത്തും പുറത്തുമുള്ള യുദ്ധവിരുദ്ധർ ഇതിനെ ചെറുക്കാൻ ശ്രമിക്കുകയാണെന്നും ചർച്ചകളെക്കുറിച്ച് അറിവുള്ള ഒരാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘർഷം വ്യാപിപ്പിക്കാതെ നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ്, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ എന്നിവർ ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനെതിരായ പുതിയ സൈനിക നടപടി തൽക്കാലം ഉണ്ടാകില്ലെന്ന സൂചനയാണ് ട്രംപ് നൽകിയത്. സംഘർഷം അവസാനിപ്പിക്കുന്നതിലേക്ക് ‘നല്ല മുന്നേറ്റം’ ഉണ്ടാകുന്നുണ്ടെന്ന് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും യോഗത്തിൽ പങ്കെടുത്തു. വാഷിങ്ടണും ടെഹ്‌റാനും തമ്മിൽ ഇടക്കാല കരാറുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് ഖത്തറാണ് നേതൃത്വം നൽകുന്നത്. നയതന്ത്ര ചർച്ചകളാണ് മുന്നോട്ടുപോകാനുള്ള ഏറ്റവും നല്ല മാർഗമെന്ന കാര്യത്തിൽ യോഗത്തിൽ ധാരണയായതായി ഒരു നയതന്ത്രജ്ഞൻ പറഞ്ഞു.

സൈനികമായി ഇറാൻ ഫലത്തിൽ പരാജയപ്പെട്ടുവെന്നും ഇപ്പോൾ പുതിയ ആക്രമണത്തിന്റെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ സാഹചര്യം മാറിയാൽ നടപടിയെടുക്കാൻ യുഎസ് സൈന്യം സജ്ജമാണെന്നും വ്യക്തമാക്കി. ഇറാനുമേലുള്ള നാവിക ഉപരോധം ഉൾപ്പെടെയുള്ള നിലവിലെ സ്ഥിതി തുടരാനാണ് ഖത്തർ, സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇറാനെതിരെ വീണ്ടും ആക്രമണമുണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. യുദ്ധവും ഇന്ധനവിലയിലെ വർധനയും തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു.

പുതിയ സൈനിക നീക്കം മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും അയൽരാജ്യങ്ങൾക്കെതിരെ ഇറാന്റെ തിരിച്ചടിക്ക് വഴിവെക്കുമെന്നും അറബ്, മുസ്‌ലിം നേതാക്കൾ ആശങ്കപ്പെടുന്നു. നയതന്ത്ര പരിഹാരങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് യുഎഇ പ്രസിഡന്റ്‌ന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം നയതന്ത്ര ശ്രമങ്ങൾക്കും ഗൾഫ് മേഖലയിലെ സ്ഥിരതയ്ക്കും കരുത്തേകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പുതിയ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലെ കടലിനടിയിലൂടെയുള്ള കേബിളുകളും മേഖലയിലെ ഡാറ്റാ സെന്ററുകളും ലക്ഷ്യമിടുമെന്നും ഇറാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംഘർഷം യുദ്ധമേഖലയ്ക്ക് പുറത്തേക്കും വ്യാപിക്കുമെന്ന ആശങ്ക ശക്തമായി. വാഷിങ്ടണും ടെഹ്‌റാനും തമ്മിലുള്ള ഇടക്കാല കരാറിനായുള്ള ചർച്ചകൾ ആഴ്ചകളായി തടസ്സപ്പെട്ടിരിക്കുകയാണ്. സെപ്റ്റംബറിൽ ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ പദ്ധതിയുടെ പരിഷ്കരിച്ച രൂപമാണ് ഇപ്പോൾ മധ്യസ്ഥരുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുന്നത്. എന്നാൽ ഈ നിർദേശം ട്രംപ് നേരത്തെ തള്ളിയിരുന്നു.

Netanyahu’s daily calls to Trump over Iran war spark pushback within White House: Report

More Stories from this section

family-dental
witywide