ട്രംപിനെ വധിക്കുമെന്ന് ഭീഷണി; സ്കൂളിൽ വെടിവയ്പ്പ് നടത്തുമെന്ന് പോസ്റ്റുകൾ; 18കാരൻ കോടതിയിൽ ഹാജരായി

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും സ്കൂളിൽ വെടിവയ്പ്പ് നടത്തുമെന്ന് പോസ്റ്റിടുകയും ചെയ്തെന്ന കേസിൽ മസാച്യുസെറ്റ്സിലെ 18കാരൻ ട്രെന്റൺ ടച്ച് ഫെഡറൽ കോടതിയിൽ ഹാജരായി. തിങ്കളാഴ്ചയാണ് ട്യൂക്സ്ബറി സ്വദേശിയായ ഇയാളെ കോടതിയിൽ എത്തിച്ചത്. ഒന്നിലധികം ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ ടച്ച് അക്രമഭീഷണി മുഴക്കിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ ഇയാളുടെ യഥാർഥ ഉദ്ദേശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. കേസ് തുടരുന്നതിനിടെ ജാമ്യം അനുവദിക്കണമോയെന്ന് കോടതി പരിഗണിക്കുന്നതിനാൽ ഇയാൾ നിലവിൽ കസ്റ്റഡിയിലാണ്.

കഴിഞ്ഞ സെപ്റ്റംബർ 10ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നാല് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. സ്കൂളിൽ ആക്രമണം നടത്തുമെന്നും ട്രംപിനെ വധിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചു. 2026 ജൂൺ 21ന് റൈഫിളിന്റെ ചിത്രത്തോടൊപ്പം ‘ട്രംപിനെ കൊല്ലാൻ പോകുന്നു’ എന്ന സന്ദേശവും ഇയാൾ പോസ്റ്റ് ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് പള്ളികളിൽ 2019ൽ നടന്ന വെടിവയ്പ്പിൽ 51 പേർ കൊല്ലപ്പെട്ട സംഭവത്തെ ഇയാൾ ആവർത്തിച്ച് പരാമർശിച്ചതായും വംശീയ വിദ്വേഷത്തിന്റെ പേരിൽ കൂട്ടക്കൊല നടത്തിയവരെ പ്രശംസിച്ചതായും അന്വേഷണ സംഘം ആരോപിച്ചു.

ടച്ചിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ റിവോൾവർ മാതൃകയിലുള്ള തോക്ക്, സൈനിക ആവശ്യങ്ങൾക്കുള്ള കത്തികൾ, മഴു, സൈനിക വേഷങ്ങൾ, ബുള്ളറ്റ് പ്രൂഫ് ഹെൽമറ്റ് എന്നിവ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ന്യൂഹാംഷെയറിലെ മുത്തച്ഛന്റെ വീട്ടിൽനിന്ന് റൈഫിളും കണ്ടെത്തിയതായി എഫ്ബിഐ വ്യക്തമാക്കി. ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണെന്നും അത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും യുഎസ് അറ്റോർണി ലിയ ബി. ഫോളി പറഞ്ഞു. ഇയാളിൽനിന്ന് പൊതുസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയുണ്ടായിരുന്നുവെന്ന് എഫ്ബിഐ ബോസ്റ്റൺ മേധാവി ടെഡ് ഇ. ഡോക്സും പ്രതികരിച്ചു.

എന്നാൽ, പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കോളജ് വിദ്യാർഥിയാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയ റിവോൾവർ പ്രവർത്തനക്ഷമമല്ലാത്ത പകർപ്പാണെന്നും ന്യൂഹാംഷെയറിൽനിന്ന് കണ്ടെത്തിയ റൈഫിൾ ഇയാളുടേതല്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. ആറുവർഷമായി ടച്ചിന്റെ ഓൺലൈൻ സുഹൃത്തായ റോമൻ പയാനും കോടതിയിൽ പ്രതിഭാഗത്തിനായി മൊഴി നൽകി. സമൂഹമാധ്യമങ്ങളിൽ അക്രമഭാഷ ഉപയോഗിക്കുന്നതിനെക്കുറിച്ച് താൻ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പയാൻ പറഞ്ഞു. പരാമർശങ്ങൾ തമാശയായിരുന്നുവെന്നാണ് ടച്ച് പറഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റം തെളിഞ്ഞാൽ ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അഞ്ച് വർഷം വരെ ഫെഡറൽ തടവും മൂന്ന് വർഷം മേൽനോട്ടത്തിലുള്ള മോചനവും 2.5 ലക്ഷം ഡോളർ വരെ പിഴയും ലഭിക്കാമെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.

Massachusetts teen, Trenton Touch, appears in court after alleged Trump death threats, school shooting posts

More Stories from this section

family-dental
witywide