അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ. ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന ട്രംപിന്റെയും യുഎസ് അധികൃതരുടെയും ആരോപണങ്ങൾക്കിടെയാണ് പെസെഷ്കിയാന്റെ പ്രതികരണം.യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് യുദ്ധം, ഇറാന്റെ ആണവ പദ്ധതി, രാജ്യത്തെ എതിർപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ പെസെഷ്കിയാൻ വിശദീകരണം നൽകിയത്.
ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിയ പെസെഷ്കിയാൻ, “ട്രംപിനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ വധിക്കാൻ ശ്രമിക്കുക എന്നത് ഇറാൻ സർക്കാരിന്റെ പ്രത്യക്ഷമോ രഹസ്യമോ ആയ നിലപാടായിരുന്നിട്ടില്ല” എന്ന് വ്യക്തമാക്കി. കഴിഞ്ഞ മാസം ഇറാൻ സർക്കാർ നിയന്ത്രണത്തിലുള്ള ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്ത വീഡിയോയെക്കുറിച്ച് യുഎസ് സീക്രട്ട് സർവീസിന് വിവരം ലഭിച്ചിരുന്നു. ട്രംപിന്റെ ഇളയ മകൻ ബാരൺ ട്രംപിന്റെ ജീവന് ഭീഷണി ഉയർത്തുന്നതായി തോന്നിക്കുന്നതായിരുന്നു വീഡിയോ.
ഇറാൻ ഡൊണാൾഡ് ട്രംപിനെ വധിക്കാൻ പദ്ധതി തയ്യാറാക്കിയതായി ഇസ്രയേൽ യുഎസിന് രഹസ്യാന്വേഷണ വിവരം കൈമാറിയതിന് പിന്നാലെയായിരുന്നു ഈ സംഭവമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. 2024 അവസാനത്തോടെ, പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനെ വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചന തകർത്തതായി ചൂണ്ടിക്കാട്ടി യുഎസ് നീതിന്യായ വകുപ്പ് ഫെഡറൽ കുറ്റം ചുമത്തിയിരുന്നു. ട്രംപിനും കുടുംബത്തിനുമെതിരെ ഭീഷണിയുയർത്തുന്ന ഉള്ളടക്കങ്ങൾ ഇറാനിലെ കടുത്ത നിലപാടുള്ള മാധ്യമങ്ങളും പലതവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജൂലൈയിൽ അന്തരിച്ച ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഭരണകൂട അനുകൂലികൾ “Kill Trump” എന്നെഴുതിയ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തനിക്കെതിരായ വധഭീഷണികളെക്കുറിച്ച് ട്രംപ് തന്നെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. “ഇതുവരെ ഏതോ പട്ടികയിൽ ഞാൻ ഉണ്ടെന്ന് തോന്നുന്നു. ഭാഗ്യം കൊണ്ടാണ് ഇതുവരെ രക്ഷപ്പെട്ടത്. പക്ഷേ അത് അധികകാലം തുടരണമെന്നില്ല. ഇവർ ദുഷ്ടരും രോഗബാധിതമായ മനസ്സുള്ളവരുമാണ്.” എന്ന് ജൂലൈയിൽ ട്രംപ് പ്രതികരിച്ചിരുന്നു.
‘Never been the position to assassinate Trump’: Iran President Pezeshkian












