ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണം: 40 മണിക്കൂറിലധികമായി കാണാതായ ജോർദാൻ നാവികനെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതമാക്കണമെന്ന് പിതാവ്

അമ്മാൻ/അബുദാബി: ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ സർക്കാർ ഊർജ്ജ കമ്പനിയായ അഡ്നോക്കിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് നേരെയുണ്ടായ മിസൈൽ/ഡ്രോൺ ആക്രമണത്തെത്തുടർന്ന് കടലിൽ കാണാതായ ജോർദാൻ സ്വദേശിയായ നാവികൻ ക്യാപ്റ്റൻ മുഹമ്മദ് ഹുസാം അൽ-ദിൻ അൽ-ഒതൈബിയെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതമാക്കണമെന്ന് പിതാവ് അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിന് ശേഷം 40 മണിക്കൂറിലധികമായി മകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പിതാവ് ഹുസാം ജോർദാനിലെ ‘റോയ ടിവി’യോട് പറഞ്ഞു.

ആക്രമണവും രക്ഷാപ്രവർത്തനവും

യു.എ.ഇ, ഒമാൻ തീരങ്ങൾക്കിടയിലുള്ള സമുദ്രമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന അഡ്നോക് ലോജിസ്റ്റിക്സ് ആൻഡ് സർവീസസിന്റെ കപ്പലിന് നേരെയാണ് ചൊവ്വാഴ്ച വൈകുന്നേരം അജ്ഞാത പ്രൊജക്റ്റൈൽ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന ചില ജീവനക്കാർ ജീവരക്ഷാർത്ഥം കടലിലേക്ക് ചാടുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന മറ്റ് മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തിയതായും, ഇതിൽ 11 പേർക്ക് പരിക്കേറ്റതായും അഡ്നോക് നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച രാവിലെയും മകനെ കണ്ടെത്താനായിട്ടില്ലെന്ന് അഡ്നോക് അധികൃതർ അറിയിച്ചതായി പിതാവ് ഹുസാം പറഞ്ഞു. യു.എ.ഇ, ഒമാൻ തീരസംരക്ഷണ സേനകളുടെയും സിവിൽ ഡിഫൻസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് കടലിൽ വ്യാപകമായ തെരച്ചിൽ തുടരുകയാണ്.

ജോർദാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ

മകന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് ജോർദാൻ വിദേശകാര്യ മന്ത്രാലയത്തെയും മാരിടൈം അതോറിറ്റിയെയും സമീപിക്കുകയും, ജോർദാൻ രാജാവിനോട് അഭ്യർത്ഥന നടത്തുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്നതുമുതൽ അബുദാബിയിലെയും മസ്കറ്റിലെയും ജോർദാൻ എംബസികൾ വഴി യു.എ.ഇ, ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, നാവികനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അംബാസഡർ ഫുആദ് അൽ-മജാലി വ്യാഴാഴ്ച അറിയിച്ചു. കുടുംബവുമായി മന്ത്രാലയം തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide