ട്രംപ് ഭരണകൂടത്തെ കോടതി കയറ്റാൻ 2 സംസ്ഥാനങ്ങൾ; കുടിയേറ്റ വേട്ടക്കെതിരെ മിനസോട്ടയും ഇല്ലിനോയിസും ഹർജി നൽകി, ആവശ്യപ്പെടുന്നത് രണ്ട് കാര്യങ്ങൾ

മിനിസോട്ട: അമേരിക്കയിലെ ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന ശക്തമായ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ മിനസോട്ട, ഇല്ലിനോയിസ് സംസ്ഥാനങ്ങൾ ഫെഡറൽ കോടതിയിൽ ഹർജി നൽകി. ഒരേ ദിവസം ഫയൽ ചെയ്തതും സമാനമായ ലക്ഷ്യങ്ങളുള്ളതുമായ ഈ കേസുകളിൽ പക്ഷേ ഓരോ സംസ്ഥാനവും ആവശ്യപ്പെടുന്നത് വ്യത്യസ്ത കാര്യങ്ങളാണ്. മിനസോട്ട സംസ്ഥാനം നൽകിയ ഹർജിയിൽ, തങ്ങളുടെ അതിർത്തിക്കുള്ളിൽ ഫെഡറൽ ഏജന്‍റുമാരെ വിന്യസിച്ചിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു.

സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ കുടിയേറ്റ പരിശോധനകളും റെയ്ഡുകളും പാടില്ലെന്ന മുൻപത്തെ നയം തിരികെ കൊണ്ടുവരണമെന്നാണ് മിനസോട്ടയുടെ പ്രധാന ആവശ്യം. കുടിയേറ്റക്കാരെയും പ്രതിഷേധക്കാരെയും നേരിടുമ്പോൾ ഏജന്‍റുമാർ അനാവശ്യമായ ബലപ്രയോഗം നടത്തുന്നത് തടയണമെന്നും അറ്റോർണി ജനറൽ കീത്ത് എലിസൺ ആവശ്യപ്പെട്ടു. അതേസമയം, കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നത് പൂർണ്ണമായും തടയുകയല്ല, മറിച്ച് നിയമവിരുദ്ധമായ കടന്നുകയറ്റം അവസാനിപ്പിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇല്ലിനോയിസ് സംസ്ഥാനത്തിന്‍റെ ഹർജി ഇതിനേക്കാൾ ശക്തമാണ്. കോൺഗ്രസിന്‍റെ വ്യക്തമായ അനുമതിയില്ലാതെ ഇല്ലിനോയിസിൽ സിവിൽ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് ഫെഡറൽ ഏജൻസികളെ പൂർണ്ണമായും തടയണമെന്ന് ഇല്ലിനോയിസ് ആവശ്യപ്പെടുന്നു. ഫെഡറൽ ഏജന്‍റുമാർ തങ്ങളുടെ പരിധിക്കപ്പുറമുള്ള അധികാരങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഇല്ലിനോയി,് അറ്റോർണി ജനറൽ ഓഫീസിന്‍റെ നിലപാട്. എന്നാൽ, ഫെഡറൽ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് ഒരു ഏജൻസിയെ തടയാൻ കോടതിക്ക് അധികാരമില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ നിയമപോരാട്ടം അമേരിക്കൻ ഭരണകൂടവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരത്തർക്കം കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.

More Stories from this section

family-dental
witywide