ജേണലിസ്റ്റുകൾക്കെതിരായ ഫുട്ബോൾ മത്സരത്തിനിടെ ന്യൂയോർക്ക് മേയർക്ക് പരിക്ക്

ന്യൂയോർക്ക്: ജേണലിസ്റ്റുകൾക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്ക് പരിക്ക്. വലതുകാലിലെ അക്കിലീസ് ടെൻഡൺ പൊട്ടിയതായി 35-കാരനായ മംദാനി വെള്ളിയാഴ്ച സ്ഥിരീകരിച്ചു. അടുത്ത ആറു മുതൽ എട്ട് ആഴ്ച വരെ മെഡിക്കൽ ബൂട്ട് ധരിക്കേണ്ടിവരുമെന്നും പൂർണമായി കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ ഏകദേശം ഒമ്പത് മാസം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് സിറ്റി ഹാൾ പ്രസ് കോർപ്സിലെ മാധ്യമപ്രവർത്തകരുമായി മംദാനി ഫുട്ബോൾ മത്സരം കളിച്ചത്. പരിക്കിനെത്തുടർന്ന് വെള്ളിയാഴ്ച വാർത്താസമ്മേളനത്തിനെത്തിയത് ക്രച്ചസിന്റെ സഹായത്തോടെയായിരുന്നു. മത്സരത്തിന് മുമ്പ് ശരിയായി വാംഅപ്പ് ചെയ്യുകയോ സ്ട്രെച്ചിങ് നടത്തുകയോ ചെയ്തിരുന്നില്ലെന്നും അതാകാം പരിക്കിന് കാരണമെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.

മത്സരം തുടങ്ങി അധികം വൈകാതെ തന്നെ ഗോൾ നേടിയതായും എന്നാൽ തനിക്ക് 35 വയസ്സായെന്ന കാര്യം മറന്നുപോയെന്നും മംദാനി പറഞ്ഞു. പരിക്കേറ്റെങ്കിലും മാധ്യമപ്രവർത്തകരുടെ ടീമിനെതിരെ തന്റെ ടീം വിജയം നേടിയെന്ന കാര്യവും അദ്ദേഹം പങ്കുവച്ചു. ഫുട്ബോളിനോട് ഏറെ താൽപര്യമുള്ള മംദാനി തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും കളിക്കളത്തിൽ സജീവമായിരുന്നു.

അക്കിലീസ് ടെൻഡൺ കാലിന്റെ പിൻഭാഗത്ത് കുതികാൽ ഭാഗത്തെയും കാൽവണ്ണയിലെ പേശികളെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ടെൻഡണാണ്. ഇതിന് പരിക്കേറ്റാൽ നടക്കാനും ഓടാനും ബുദ്ധിമുട്ടുണ്ടാകാം. ചികിത്സയും പുനരധിവാസവും പൂർത്തിയാക്കിയ ശേഷമായിരിക്കും മംദാനിക്ക് വീണ്ടും ഫുട്ബോൾ കളിക്കളത്തിലേക്ക് മടങ്ങാനാകുക.

More Stories from this section

family-dental
witywide