
ബ്രെഡ് മുറിച്ചുനൽകാൻ വിസമ്മതിച്ച ബേക്കറിക്കാരെ നിരന്തരം ശല്യം ചെയ്ത കേസിൽ മുൻ ഫ്രഞ്ച് മേയർക്ക് എട്ട് മാസം തടവുശിക്ഷ. തടവുശിക്ഷയ്ക്ക് പുറമെ 5,000 യൂറോ (ഏകദേശം അഞ്ച് ലക്ഷം രൂപ) പിഴയും കോടതി വിധിച്ചു. ബേക്കറി ഉടമകളായ ദമ്പതികൾക്ക് 11,200 യൂറോ (ഏകദേശം 11 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാനും ഇവരുമായി മൂന്ന് വർഷത്തേക്ക് ബന്ധപ്പെടരുതെന്നും കോടതി ഉത്തരവിട്ടു. 67-കാരനായ പിയറി തോമസിനെതിരെയാണ് റെന്നസ് ക്രിമിനൽ കോടതി വ്യാഴാഴ്ച ശിക്ഷ വിധിച്ചത്.
2022 അവസാനത്തോടെ ഹെൻറി വിർമൂണെക്സും ലോറൻ പിയെകോവ്സ്കി-ദെലാറുവും സെയ്ന്റ്-ഔവൻ-ദെസ്-അല്ലെ എന്ന ഗ്രാമത്തിലെ ബേക്കറി ഏറ്റെടുത്തതോടെയാണ് തർക്കങ്ങളുടെ തുടക്കം. ബേക്കറിയുടെ പ്രവർത്തനം, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, അവതരണം എന്നിവയെക്കുറിച്ച് തോമസ് നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നതായാണ് ആരോപണം. ഉപഭോക്താക്കൾ ആവശ്യപ്പെട്ടിട്ടും ബ്രെഡ് മുറിച്ചുനൽകാൻ തയ്യാറാകാത്തതും തർക്കത്തിന് കാരണമായി. മേയറുടെ നിരന്തര ഇടപെടലും ശല്യവും തങ്ങൾക്ക് കടുത്ത മാനസിക സമ്മർദമുണ്ടാക്കിയെന്ന് ദമ്പതികൾ കോടതിയിൽ പറഞ്ഞു.
മേയറുടെ ഇടപെടലുകൾ കാരണം സ്വതന്ത്രമായി ബിസിനസ് നടത്താൻ കഴിഞ്ഞില്ലെന്നും ദമ്പതികൾ ആരോപിച്ചു. മറ്റ് വ്യാപാരികളും തോമസിനെതിരെ സമാനമായ പരാതികൾ ഉന്നയിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ഒടുവിൽ 2023 ജൂലൈയിൽ, പ്രവർത്തനം ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ ദമ്പതികൾക്ക് ബേക്കറി അടച്ചുപൂട്ടേണ്ടിവന്നു. അതേസമയം, പീഡനാരോപണങ്ങൾ തോമസ് നിഷേധിച്ചു. വ്യാപാരികൾ തന്നെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയതാണെന്നും ബേക്കറിയുടെ ഉപഭോക്താക്കളെ നഷ്ടപ്പെട്ടത് ഉടമകളുടെ പിഴവുകൊണ്ടാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
വിവാദം പിന്നീട് വീണ്ടും രൂക്ഷമായി. 2023 ഒക്ടോബറിൽ തോമസും മൂന്ന് പ്രാദേശിക ഉദ്യോഗസ്ഥരും ചേർന്ന് ഡ്രില്ലുമായി ബേക്കറിയിലെത്തി പൂട്ടുതുറക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. കെട്ടിടം ഗ്രാമസഭയുടെ ഉടമസ്ഥതയിലുള്ളതാണെന്നായിരുന്നു ഇവരുടെ വാദം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. മാർച്ചിൽ മേയർ പദവിയിൽനിന്ന് ഒഴിഞ്ഞ തോമസ് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.















