
ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, സ്ഥാനമൊഴിഞ്ഞ ജെ.പി. നദ്ദയിൽ നിന്നാണ് അദ്ദേഹം ഔദ്യോഗികമായി ചുമതല സ്വീകരിച്ചത്.
ബിജെപിയുടെ ചരിത്രത്തിൽ ദേശീയ അധ്യക്ഷപദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവാണ് നിതിൻ നബിൻ. നിലവിൽ 45 വയസ്സാണ് അദ്ദേഹത്തിനുള്ളത്.
എതിരില്ലാതെയാണ് അദ്ദേഹം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. നിതിൻ നബിന്റെ പേര് നിർദ്ദേശിച്ച് 37 സെറ്റ് പത്രികകൾ സമർപ്പിക്കപ്പെട്ടിരുന്നു. ബീഹാറിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായിരുന്ന നവീൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ് അദ്ദേഹം. ബീഹാറിലെ ബാങ്കിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള അഞ്ചാം തവണ എംഎൽഎ കൂടിയായ അദ്ദേഹം ബീഹാർ മന്ത്രിസഭയിൽ അംഗവുമായിരുന്നു.
ഡിസംബറിൽ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി അദ്ദേഹം നിയമിതനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി തുടങ്ങിയ പ്രമുഖ നേതാക്കൾ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു. “പാർട്ടി കാര്യങ്ങളിൽ നിതിൻ നബിൻ എന്റെ ബോസ് ആണ്” എന്ന് പ്രധാനമന്ത്രി ചടങ്ങിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചു. ജെ പി നദ്ദയുടെ നേതൃത്വത്തിൽ ബി ജെ പി പഞ്ചായത്ത് മുതൽ പാർലമെന്‍റെ വരെ വിജയം നേടിയെന്നും പുതിയ അധ്യക്ഷൻ നിതിൻ നബീൻ ബിജെപിയെ കൂടുതൽ ഉയരങ്ങിലേക്ക് എത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. നിതിൻ നബീൻ ബിജെപി യിലെ എല്ലാവരുടെയും അധ്യക്ഷൻ ആണ്. വരാനിരിക്കുന്ന 25 വർഷം വളരെ നിർണ്ണായകമാണെന്നും ഇത് വികസിത ഭാരതത്തിലേക്കുള്ള യാത്രയാണെന്നും മോദി പറഞ്ഞു.
Nitin Nabin, BJP’s youngest president takes charge.















