തുലാവർഷം കടുത്തു; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, തലസ്ഥാനത്ത് നദികൾ കരകവിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം കനത്തതോടെ പരക്കെ അതിശക്തമായ മഴ. ഇന്ന് 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ-മധ്യ കേരളത്തിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതയ്ക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളത്. വരുന്ന മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശക്തമായ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലയോര മേഖലകളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിലെ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുകയാണ്. വിതുര, പൊന്മുടി ഭാഗങ്ങളിലെ കനത്ത മഴ കാരണം വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുകയും മക്കിയാർ കരകവിഞ്ഞൊഴുകുകയും ചെയ്യുന്നു. രണ്ട് ചെറുപാലങ്ങൾ ഇതിനകം വെള്ളത്തിനടിയിലായി. പേപ്പാറ ഡാമിന്റെ റിസർവോയറിൽ നിന്ന് വെള്ളം കയറിയതിനെ തുടർന്ന് പേപ്പാറ പൊടിയക്കാല ആദിവാസി ഊര് ഒറ്റപ്പെട്ട നിലയിലാണ്. പേപ്പാറ, ആനപ്പാറ മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കും.

കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നദിക്കരകളിലും മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Northeast monsoon intensifies; orange alert in 10 districts, rivers overflowing in the capital.

More Stories from this section

family-dental
witywide