
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
ബുധനാഴ്ചയോടെ മഴ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. നിലവിൽ യെല്ലോ അലർട്ടുള്ള ഏഴ് ജില്ലകൾക്ക് പുറമേ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്തും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണം. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കടലിൽ ഇറങ്ങരുതെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
Rain warnings continue in Kerala; a yellow alert has been issued for 7 districts today, and caution is advised in coastal areas as well.













