
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മകൻ ചാണ്ടി ഉമ്മനുമെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. ഉമ്മൻചാണ്ടി തന്നെ രാഷ്ട്രീയമായും വ്യക്തിപരമായും ചതിച്ചുവെന്നാണ് ഗണേഷിന്റെ വാദം. കുടുംബ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് തന്റെ കുടുംബം തകർക്കാനും മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചുവെന്നും, മന്ത്രിസ്ഥാനത്ത് നിന്ന് മാറിയപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചെടുക്കാമെന്ന് പറഞ്ഞ് തന്നെ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങൾക്ക് ബൈബിൾ വചനം ഉദ്ധരിച്ചുകൊണ്ടാണ് ഗണേഷ് മറുപടി നൽകിയത്. ‘കള്ളസാക്ഷി പറയരുത്’ എന്ന വചനം ചാണ്ടി ഓർക്കണമെന്നും, തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണോ ഇത്തരം കാര്യങ്ങൾ ഓർമ്മ വരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സോളാർ കേസിലെ കത്തുമായി ബന്ധപ്പെട്ട് സിബിഐക്ക് നൽകിയ മൊഴിയിൽ ഉമ്മൻചാണ്ടിക്ക് അനുകൂലമായ നിലപാടാണ് താൻ സ്വീകരിച്ചതെന്നും, എന്നാൽ ആ നന്ദി പോലും തന്നോട് കാണിച്ചില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. കാര്യങ്ങൾ അറിയാതെ സംസാരിച്ചാൽ പല സത്യങ്ങളും തനിക്ക് വിളിച്ചു പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് നേതാക്കൾക്കെതിരെയും രൂക്ഷമായ വിമർശനമാണ് ഗണേഷ് കുമാർ ഉയർത്തിയത്. കെ. കരുണാകരന്റെ ഭാര്യയെ അധിക്ഷേപിച്ച വ്യക്തിയെ വിലക്കാൻ രാഹുൽ ഗാന്ധിയോ കെ.സി. വേണുഗോപാലോ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ചാണ്ടി ഉമ്മൻ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും, കൂടുതൽ വിവാദങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നും ഗണേഷ് കുമാർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.















