യാത്രക്കാരൻ്റെ പെരുമാറ്റത്തിൽ സംശയം: വഴിതിരിച്ചുവിട്ട സൗത്ത് വെസ്റ്റ് വിമാനം സുരക്ഷിതമായി ജോർജിയയിൽ ഇറക്കി

ന്യൂഡൽഹി: യാത്രക്കാരൻ്റെ അസ്വാഭാവിക പെരുമാറ്റത്തെത്തുടർന്നുണ്ടായ സുരക്ഷാ ആശങ്കയിൽ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം ആകാശമധ്യേ വഴിതിരിച്ചുവിട്ടു. ടെന്നസിയിലെ നാഷ്‌വിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലേക്ക് പറക്കുകയായിരുന്ന 2094-ാം നമ്പർ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.

സുരക്ഷാ പ്രശ്‌നമുണ്ടെന്ന സംശയത്തെത്തുടർന്ന് മുൻകരുതൽ നടപടിയായാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് സൗത്ത് വെസ്റ്റ് എയർലൈൻസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ ജോർജിയയിലെ ഹാർട്ട്‌സ്‌ഫീൽഡ്-ജാക്‌സൺ അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്.

വിമാനം നിലത്തിറങ്ങിയ ഉടൻ അറ്റ്‌ലാൻ്റ പൊലീസ് വിമാനത്തിനുള്ളിൽ കയറുകയും സംശയനിഴലിലായിരുന്ന യാത്രക്കാരനെ പുറത്തിറക്കുകയും ചെയ്തു. തുടർന്ന് എഫ്.ബി.ഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ ഇയാളെ വിശദമായി ചോദ്യം ചെയ്തു. എന്നാൽ, വിമാനത്തിന് സുരക്ഷാ ഭീഷണിയുയർത്തുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും കണ്ടെത്തിയില്ലെന്നും ഭീഷണി നിലനിൽക്കുന്നില്ലെന്നും എഫ്.ബി.ഐ പിന്നീട് വ്യക്തമാക്കി. സംഭവത്തിൽ യാത്രക്കാരനെതിരെ കേസുകളൊന്നും ഫയൽ ചെയ്തിട്ടില്ല. സംഭവത്തെത്തുടർന്ന് വൈകിയ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ശനിയാഴ്ച പുലർച്ചയോടെ ഫോർട്ട് ലോഡർഡെയ്‌ലിൽ എത്തിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻസ് ക്ഷമ ചോദിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ മാർച്ച് ഒന്നിന് ഫോർട്ട് ലോഡർഡെയ്‌ൽ വിമാനത്താവളത്തിൽ തന്നെ ജെറ്റ് ബ്ലൂ വിമാനത്തിലും സമാനമായ സംഭവം നടന്നിരുന്നു. ബോംബ് ഭീഷണിയെത്തുടർന്ന് 76-കാരനായ യാത്രക്കാരനെ അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പരിശോധനയിൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായിരുന്നില്ല.

Passenger’s behavior suspicious: Southwest flight diverted, lands safely in Georgia

More Stories from this section

family-dental
witywide