
ഫിലാഡൽഫിയ: സെൻട്രൽ പെൻസിൽവാനിയയിൽ ആകാശത്തുവെച്ച് ഹെലികോപ്റ്ററും ചെറിയ വിമാനവും കൂട്ടിയിടിച്ച് വൻ അപകടം. പെൻസിൽവാനിയ സ്റ്റേറ്റ് പൊലീസിൻ്റെ ബെൽ 407 ഹെലികോപ്റ്ററും സെസ്ന 150 എന്ന ചെറുവിമാനവുമാണ് ബുധനാഴ്ച രാത്രിയോടെ കാർലിസ്ൽ മേഖലയ്ക്ക് മുകളിൽ കൂട്ടിയിടിച്ചത്.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ്റെ കണക്കുകൾ പ്രകാരം പ്രാദേശിക സമയം രാത്രി 7:50-ഓടെയാണ് സംഭവം. കാർലിസ്ൽ വിമാനത്താവളത്തിന് സമീപമാണ് അപകടം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തകർന്നുവീണ ഇരു വിമാനങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ ആദ്യഘട്ട രക്ഷാപ്രവർത്തനം പൂർത്തിയായിട്ടുണ്ട്.
അപകടസമയത്ത് ഹെലികോപ്റ്ററിൽ രണ്ട് പേരുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ചെറുവിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിനെക്കുറിച്ചോ, അപകടത്തിൽപ്പെട്ടവരുടെ പരിക്കുകളെക്കുറിച്ചോ ജീവഹാനിയെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹെലികോപ്റ്റർ സ്റ്റേറ്റ് പൊലീസിൻ്റേതാണെന്ന് കംബർലാൻഡ് കൗണ്ടി വക്താവ് സാമന്ത ക്രെപ്സ് സ്ഥിരീകരിച്ചു.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ സംഭവസ്ഥലത്തേക്ക് തിരിച്ചു. അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കുന്നതായി അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിൻ്റെ നേതൃത്വത്തിൽ അപകടത്തെക്കുറിച്ച് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. കൂടുതൽ വിപുലമായ ശാസ്ത്രീയ പരിശോധനകൾക്കായി തകർന്ന വിമാനങ്ങളുടെ അവശിഷ്ടങ്ങൾ ഉടൻ തന്നെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് എൻ.ടി.എസ്.ബി അറിയിച്ചു.
Pennsylvania Plane crash: State police helicopter and small plane collide















