
വാഷിംഗ്ടൺ: അമേരിക്കയിലെ മിസിസിപ്പി തീരത്ത് ചെറുവിമാനം കടലിൽ തകർന്നുവീണ് രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. ഫ്ലോറിഡയിലെ ഫോർട്ട് മെയേഴ്സ് സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ഗൾഫ് ഐലൻഡ്സ് നാഷണൽ സീഷോറിന്റെ ഭാഗമായ ഹോൺ ഐലൻഡിനും മിസിസിപ്പിയിലെ പാസ്കഗൗളയ്ക്കും ഇടയിൽ ഗൾഫ് ഓഫ് മെക്സിക്കോയിലാണ് ‘സെസ്ന 210’ വിമാനം തകർന്നുവീണത്. ന്യൂ ഓർലിയൻസിൽ നിന്ന് ഫോർട്ട് മെയേഴ്സിലേക്ക് പോവുകയായിരുന്ന വിമാനവുമായുള്ള ബന്ധം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:45-ഓടെ നഷ്ടപ്പെടുകയായിരുന്നു.
വിമാനത്തിന്റെ തകർന്ന ഭാഗത്തിനുള്ളിൽ നിന്നാണ് മുങ്ങൽ വിദഗ്ധർ മൃതദേഹങ്ങൾ പുറത്തെടുത്തതെന്ന് യു.എസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. ബ്രെന്റ് സ്റ്റോക്സ് (50), മൈക്കൽ നോക്സ് (43), ആർലിൻ നോക്സ് (43), ഹണ്ടർ സ്റ്റോക്സ് (16), ചാൾസ് ഹോൾഡൻ നോക്സ് (12), ട്രൂറ്റ് നോക്സ് (10) എന്നിവരാണ് മരിച്ചതെന്ന് ജാക്സൺ കൗണ്ടി കൊറോണർ ഓഫീസ് സ്ഥിരീകരിച്ചു.
അപകടത്തിന് തൊട്ടുമുമ്പ് വിമാനം മിനിറ്റിൽ 10,000 അടി എന്ന അതിവേഗതയിൽ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്താനായത്. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഈ മാസം ആദ്യം സൗത്ത് ഫ്ലോറിഡയിലുണ്ടായ മറ്റൊരു വിമാന അപകടത്തിൽ ഒൻപത് പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയെ നടുക്കിയ പുതിയ ദുരന്തം.
Small plane crashes off the Mississippi coast; six dead, including two children—all victims were members of the same family.















