“ഞങ്ങൾ തകർന്നുവീഴാൻ പോവുകയാണ്, മേയ്ഡേ…!” ഫ്ലോറിഡയെ നടുക്കിയ വിമാനാപകടത്തിൽ മരിച്ചവരിൽ ഇരുപതുകാരിയായ സഹപൈലറ്റും; നൊമ്പരമായി നതാലിയയുടെ അവസാന സന്ദേശം

മയാമി: ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുന്നതിന് മുമ്പേ ആകാശത്ത് വിമാനമുയർത്തി അത്ഭുതപ്പെടുത്തിയ ഇരുപതുകാരിയായ സഹപൈലറ്റ് നതാലിയ ഗാഡെൽഹ ഫിൽഗ്വീരാസ് ഇനി നോവോർമ്മ. ദക്ഷിണ ഫ്ലോറിഡയിൽ ടെക് വ്യവസായിയും കുടുംബവുമടക്കം ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ലിയർജെറ്റ് ചെറുവിമാനാപകടത്തിലാണ് കോ-പൈലറ്റായിരുന്ന നതാലിയയും (20) വിടപറഞ്ഞത്.

അപകടത്തിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിലിരുന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് നതാലിയ നടത്തിയ സന്ദേശങ്ങൾ കേൾവിക്കാരുടെ നെഞ്ചുലയ്ക്കുന്നതാണ്. “മേയ്ഡേ, മേയ്ഡേ! ഞങ്ങൾ മിനിറ്റിൽ 10,000 അടി എന്ന വേഗതയിൽ താഴേക്ക് പതിക്കുകയാണ്,” എന്ന് നതാലിയ നിലവിളിക്കുന്നത് എയർ ട്രാഫിക് റേഡിയോ സന്ദേശങ്ങളിൽ വ്യക്തമാണ്. വിമാനത്തിന് പുറത്ത് -47 ഡിഗ്രി സെൽഷ്യസ് തണുപ്പാണെന്നും ചിറകുകളിൽ ഐസ് കട്ടപിടിക്കുന്നുണ്ടെന്നും അതിശക്തമായ കാറ്റിൽ വിമാനം ഉലയുകയാണെന്നും നതാലിയ അവസാന നിമിഷം അറിയിച്ചിരുന്നു.

വേഗത പരിധിയിലുമപ്പുറമായി വിമാനം മിനിറ്റിൽ 20,000 അടി വേഗതയിൽ താഴേക്ക് പതിക്കുകയാണെന്നും തങ്ങൾ നിലത്തുതട്ടി തകരാൻ പോവുകയാണെന്നും നതാലിയ ഒടുവിൽ നിലവിളിച്ചു. റഡാർ വിവരങ്ങൾ പ്രകാരം അവസാനത്തെ ഒരു മിനിറ്റിനുള്ളിൽ വിമാനം 27,000 അടിയാണ് കുത്തനെ താഴേക്ക് പതിച്ചത്. അപകടത്തിന് പത്ത് മിനിറ്റ് മുമ്പ് കാലാവസ്ഥ മോശമാണെന്ന് നതാലിയ തന്റെ സുഹൃത്തിന് സന്ദേശമയച്ചിരുന്നു.

പതിനേഴാം വയസ്സിൽ വെസ്റ്റ് ബോക രേട്ടൻ കമ്മ്യൂണിറ്റി ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് നതാലിയ പൈലറ്റ് ലൈസൻസ് നേടിയത്. കാറോടിക്കാൻ ലൈസൻസ് ലഭിക്കുന്നതിന് മുൻപ് വിമാനം പറത്താൻ യോഗ്യത നേടിയ പെൺകുട്ടിയെന്ന നിലയിൽ അന്ന് പ്രാദേശിക മാധ്യമങ്ങൾ നതാലിയയെ വലിയ രീതിയിൽ ഫീച്ചർ ചെയ്തിരുന്നു. സ്കൂളിലെ ഏവിയേഷൻ അക്കാദമിയുടെ ഭാഗമായി അധികൃതർ തന്നെയാണ് നതാലിയയുടെ പൈലറ്റ് പരിശീലനത്തിനുള്ള ചിലവ് വഹിച്ചത്. 1,300 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയസമ്പത്തുള്ള നതാലിയ കഴിഞ്ഞ ഒൻപത് മാസമായി കൊമേഴ്സ്യൽ പൈലറ്റായി ജോലി ചെയ്തുവരികയായിരുന്നു. നതാലിയ സമർത്ഥയും ഉത്തരവാദിത്തമുള്ളവളുമായിരുന്നുവെന്നും എന്നാൽ കോ-പൈലറ്റ് ആയതിനാൽ അടിയന്തര ഘട്ടത്തിൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അവൾക്ക് കഴിയില്ലായിരുന്നുവെന്നും അമ്മ കാമില പറഞ്ഞു.

ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് ബഹാമാസിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നുവീണത്. പ്രമുഖ ടെക് വ്യവസായിയായ ആദം റോബിൻസൺ (45), ഭാര്യ ഹെലൻ ഷാർപ്പ്, ഇവരുടെ മക്കളായ എമ്മ (4), ചാർലി (2), കുട്ടികളുടെ പരിചാരിക അനിത മരിയ സെറ്റിന, യാത്രക്കാരായ റേച്ചൽ റീഡ്, ചാർമി ഫെഹർ എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. വിമാനത്തിലുണ്ടായിരുന്ന പ്രധാന പൈലറ്റിന്റെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

A 20-year-old co-pilot is among those who died in the plane crash that shook Florida; Natalia’s final message leaves a poignant, heartbreaking memory.

More Stories from this section

family-dental
witywide