
ന്യൂയോർക്ക്: ആകാശത്ത് വെച്ച് പൈലറ്റിന് പെട്ടെന്ന് അപസ്മാരം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രാവിമാനം നിയന്ത്രണം വിട്ട് ആടിയുലഞ്ഞു. എയർ കനഡയുടെ പ്രാദേശിക സർവീസ് വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ഇരുവശങ്ങളിലേക്കും അതിവേഗം വെട്ടിത്തിരിഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരായി പ്രാർത്ഥന തുടങ്ങി. ഒടുവിൽ കോ-പൈലറ്റ് വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും ബോസ്റ്റൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയും ചെയ്തതോടെയാണ് വൻ ദുരന്തം ഒഴിവായത്.
എയർ കനഡയുടെ റീജിയണൽ പങ്കാളിയായ ‘പാൽ എയർലൈൻസ്’ ഓപ്പറേറ്റ് ചെയ്ത ഡാഷ് 8-400 വിമാനത്തിലാണ് സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് 12:39-ന് 61 യാത്രക്കാരുമായി ന്യൂജേഴ്‌സിയിലെ നെവാർക്കിൽ നിന്ന് കാനഡയിലെ ഹാലിഫാക്സിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.
വിമാനം ഉയർന്നുപൊങ്ങി മിനിറ്റുകൾക്കകം പൈലറ്റിന് ശാരീരിക അസ്വസ്ഥതയും അപസ്മാരവും അനുഭവപ്പെടുകയായിരുന്നു. ഇതോടെ വിമാനം ആകാശത്തുവെച്ച് അനിയന്ത്രിതമായി വെട്ടിത്തിരിയാൻ തുടങ്ങി. ഇത് വിമാനത്തിൻ്റെ സാധാരണ കുലുക്കമല്ലെന്ന് മനസ്സിലാക്കിയ യാത്രക്കാർ ഭയന്നുവിറച്ചു. തുടർന്ന് ഒരു ഫ്ലൈറ്റ് അറ്റൻഡൻ്റ് പൈലറ്റിനെ കോക്ക്പിറ്റിൽ നിന്ന് പുറത്തേക്ക് മാറ്റി.
ഈ സമയം വിമാനത്തിലുണ്ടായിരുന്ന റോഡ്‌നി മക്ഡൊണാൾഡ് എന്ന യാത്രക്കാരൻ പൈലറ്റിനെ നിയന്ത്രിക്കാൻ ജീവനക്കാരെ സഹായിക്കാനായി മുന്നോട്ടുവന്നു. പൈലറ്റിന് തൻ്റെ ശരീരത്തിന്മേൽ പൂർണ്ണമായി നിയന്ത്രണം നഷ്ടപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാരും ജീവനക്കാരും ചേർന്ന് ഏകദേശം 40 മിനിറ്റോളം കഠിനമായി ശ്രമിച്ചാണ്, വിമാനത്തിലെ സീറ്റ് ബെൽറ്റുകൾ ഉപയോഗിച്ച് പൈലറ്റിൻ്റെ കൈകാലുകളും നെഞ്ചും കെട്ടിയിട്ട് അദ്ദേഹത്തെ ഒരിടത്ത് ഇരുത്തിയത്.
“പൈലറ്റിന് ശാരീരിക അസ്വസ്ഥതയുണ്ട്. ഫസ്റ്റ് ഓഫീസറാണ് (കോ-പൈലറ്റ്) ഇപ്പോൾ വിമാനം പറത്തുന്നത്” എന്ന് വിമാനത്തിൽ നിന്നുള്ള അടിയന്തര റേഡിയോ സന്ദേശം എയർ ട്രാഫിക് കൺട്രോളിന് ലഭിച്ചു. തുടർന്ന് മറ്റ് വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റൺവേ 27 ഈ വിമാനത്തിനായി സജ്ജമാക്കി.
ഉച്ചയ്ക്ക് 2 മണിയോടെ വിമാനം ബോസ്റ്റൺ ലോഗൻ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഉടൻ തന്നെ മെഡിക്കൽ സംഘവും അത്യാഹിത വിഭാഗം വാഹനങ്ങളും റൺവേയിൽ എത്തി പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി. എയർ കനഡ ഔദ്യോഗിക പ്രസ്താവനയിലൂടെ സംഭവം സ്ഥിരീകരിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച കോ-പൈലറ്റിനെ അഭിനന്ദിക്കുകയും ചെയ്തു. ബോസ്റ്റണിൽ മണിക്കൂറുകൾ കിടന്ന വിമാനം പിന്നീട് രാത്രി ഒമ്പതരയോടെ യാത്രക്കാരുമായി ഹാലിഫാക്സിൽ സുരക്ഷിതമായി എത്തിച്ചേർന്നു.
Pilot suffers from epilepsy: Air Canada plane loses control; passengers panic, emergency landing in Boston















