യുഎസിൽ ഗ്രീൻകാർഡ് നിയമങ്ങൾ കർശനമാക്കുന്നു; വിദേശ നിയമനങ്ങളിൽ അമേരിക്കക്കാർക്ക് മുൻഗണന

വാഷിങ്ടൻ: വിദേശികൾക്ക് തൊഴിൽ അടിസ്ഥാനത്തിൽ സ്ഥിരതാമസാനുമതി നൽകുന്ന ഗ്രീൻകാർഡ് നടപടികൾ കൂടുതൽ കർശനമാക്കാൻ അമേരിക്ക. ഇതിന്റെ ഭാഗമായി പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നിയമത്തിൽ ഭേദഗതികൾ നിർദേശിച്ച് യുഎസ് തൊഴിൽവകുപ്പ് പുതിയ ചട്ടങ്ങൾ അവതരിപ്പിച്ചു. നഴ്‌സുമാർ, ഫിസിക്കൽ തെറപ്പിസ്റ്റുകൾ തുടങ്ങി ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള പ്രഫഷനൽ തസ്തികകളിൽ വരെ അമേരിക്കൻ പൗരന്മാർക്ക് മുൻഗണന ഉറപ്പാക്കുകയാണ് ലക്ഷ്യം.

പുതിയ നിർദേശമനുസരിച്ച്, വിദേശികളെ മാത്രം ലക്ഷ്യമിട്ടുള്ള രീതിയിൽ തൊഴിൽ ഒഴിവുകൾ വിജ്ഞാപനം ചെയ്യാൻ കമ്പനികൾക്ക് കഴിയില്ല. അമേരിക്കൻ പൗരന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്ന തരത്തിലുള്ള യോഗ്യതകളും മാനദണ്ഡങ്ങളുമാണ് പരസ്യങ്ങളിൽ ഉൾപ്പെടുത്തേണ്ടത്. റിക്രൂട്ട്‌മെന്റ് നടപടികൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനും നിർദേശമുണ്ട്.

തൊഴിൽ ഒഴിവുകൾ പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിന് പകരം സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. അപേക്ഷകർക്ക് അപേക്ഷ സമർപ്പിക്കാൻ 90 ദിവസം വരെ സമയം നൽകണമെന്നും നിർദേശിക്കുന്നു. യോഗ്യരായ അമേരിക്കൻ ഉദ്യോഗാർഥികളെ ലഭ്യമല്ലെങ്കിൽ മാത്രമേ വിദേശികളെ നിയമിക്കുന്ന കാര്യം പരിഗണിക്കാവൂ. കൂടാതെ, ഒരു തസ്തികയിൽ നിന്ന് അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ടാൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആ സ്ഥാനത്തേക്ക് വിദേശികളെ നിയമിക്കാനും നിയന്ത്രണമുണ്ടാകും.

അമേരിക്കയിൽ വിദേശികളെ സ്ഥിരം ജോലികളിൽ നിയമിക്കുന്നതിനും അതുവഴി തൊഴിൽ അടിസ്ഥാനത്തിലുള്ള ഗ്രീൻകാർഡ് ലഭ്യമാക്കുന്നതിനും കമ്പനികൾ ആശ്രയിക്കുന്ന സംവിധാനമാണ് PERM ലേബർ സർട്ടിഫിക്കേഷൻ. പുതിയ നിർദേശങ്ങൾ നടപ്പിലായാൽ വിദേശ തൊഴിലാളികളുടെ നിയമന നടപടികളിലും ഗ്രീൻകാർഡ് സാധ്യതകളിലും മാറ്റങ്ങളുണ്ടായേക്കും.

More Stories from this section

family-dental
witywide