
വത്തിക്കാൻ സിറ്റി: ശ്വാസകോശ അർബുദം സ്ഥിരീകരിച്ച കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പോപ്പ് ലിയോ പതിനാലാമന്റെ മൂത്ത സഹോദരൻ ലൂയിസ് പ്രെവോസ്റ്റും ഗുരുതരമായ കാൻസർ ബാധയോട് പോരാടുകയാണെന്ന വാർത്ത പുറത്ത്. അമേരിക്കയിലെ ഫ്ലോറിഡയിൽ താമസിക്കുന്ന ലൂയിസിന് രക്താർബുദത്തിന് സമാനമായ ‘മൾട്ടിപ്പിൾ മൈലോമ’ എന്ന രോഗമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഡെബോറ പ്രെവോസ്റ്റ് രാജ്യാന്തര മാധ്യമമായ സിബിഎസ് ന്യൂസിനോട് വെളിപ്പെടുത്തി.
പോപ്പിന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കുടുംബത്തെയാകെ ഉത്കണ്ഠയിലാഴ്ത്തിക്കൊണ്ട് മൂത്ത സഹോദരന്റെ രോഗവിവരവും പുറത്തുവരുന്നത്. നിലവിൽ ഒരു പ്രാദേശിക ആശുപത്രിയിൽ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി ചികിത്സയിലാണ് ലൂയിസ് പ്രെവോസ്റ്റ്.
പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന കാൻസറാണ് മൾട്ടിപ്പിൾ മൈലോമ. 2017-ലാണ് ലൂയിസിന് ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് 2019-ൽ സ്റ്റെം സെൽ തെറാപ്പിയും ക്ലിനിക്കൽ ട്രയലുകളും ഉൾപ്പെടെയുള്ള തീവ്ര ചികിത്സകളിലൂടെ രോഗത്തെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നു. എന്നാൽ മൂന്ന് മാസം മുമ്പ് രോഗം വീണ്ടും മൂർച്ഛിക്കുകയായിരുന്നുവെന്ന് ഡെബോറ പറഞ്ഞു.
കഴിഞ്ഞ ആഴ്ച ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ലൂയിസ് പോപ്പുമായി ഫോണിൽ സംസാരിച്ചിരുന്നു. വത്തിക്കാനിൽ നിന്നുള്ള വാർത്തകൾ പ്രകാരം 71-കാരനായ പോപ്പ് ലിയോ പതിനാലാമൻ ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പോപ്പിന്റെ രോഗം ഏത് ഘട്ടത്തിലാണെന്നോ, കൂടുതൽ ചികിത്സകൾ എന്തൊക്കെയാണെന്നോ വത്തിക്കാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കുടുംബം ഒരേസമയം വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡെബോറ പ്രെവോസ്റ്റ് പറഞ്ഞു. എങ്കിലും മാർപ്പാപ്പയുടെ രോഗം പ്രാരംഭ ഘട്ടത്തിലായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരുടെയും ആരോഗ്യത്തിനായി പ്രാർത്ഥനയിലാണ് കുടുംബമെന്നും അവർ കൂട്ടിച്ചേർത്തു. അമേരിക്കയിൽ ജനിച്ച ആദ്യത്തെ മാർപ്പാപ്പയാണ് പോപ്പ് ലിയോ പതിനാലാമൻ. കാർഡിനൽ റോബർട്ട് പ്രെവോസ്റ്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ഷിക്കാഗോയിലാണ് സഹോദരങ്ങൾക്കൊപ്പം വളർന്നത്.
Pope Leo’s elder brother also has cancer















