പിസിനാക് 2026ന് അവസാനഘട്ട ഒരുക്കങ്ങൾ; വടക്കേ അമേരിക്കൻ മലയാളി വിശ്വാസികൾ ആവേശത്തിൽ

ഷിക്കാഗോ: ഷിക്കാഗോയിൽ ജൂലൈ 2 മുതൽ 5 വരെ നടക്കുന്ന PCNAK (Pentecostal Conference of North American Keralites) 2026-ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വടക്കേ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുക്കാനൊരുങ്ങുകയാണ്. രജിസ്ട്രേഷൻ പുരോഗമിക്കുന്നതോടൊപ്പം താമസം, ഭക്ഷണം, ഗതാഗതം, സന്നദ്ധസേവകരുടെ ഏകോപനം എന്നിവ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയാകുകയാണ്.

ഈ വർഷത്തെ സമ്മേളനത്തിന്റെ മുഖ്യപ്രമേയം “Generation to Generation” (തലമുറയിൽ നിന്ന് തലമുറയിലേക്ക്) എന്നതാണ്. കുടുംബങ്ങൾക്കും യുവജനങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക സെഷനുകൾ, ആത്മീയ ശുശ്രൂഷകൾ, ആരാധനാ സമ്മേളനങ്ങൾ, ബൈബിൾ പഠനങ്ങൾ, സ്ത്രീകളുടെ പ്രത്യേക സമ്മേളനം, ഇംഗ്ലീഷ് സെഷനുകൾ, സംഗീത ശുശ്രൂഷകൾ എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

ഷിക്കാഗോയിലെ Renaissance Schaumburg Convention Center-ലാണ് സമ്മേളനം നടക്കുന്നത്. അമേരിക്കയിലും കാനഡയിലുമുള്ള വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികൾക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിഥികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ ഇപ്പോഴും തുടരുന്നതായും അവസാന ദിവസങ്ങളിൽ കൂടുതൽ പേർ രജിസ്റ്റർ ചെയ്യുമെന്ന പ്രതീക്ഷയിലാണെന്നും അവർ അറിയിച്ചു.

സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി നൂറുകണക്കിന് സന്നദ്ധപ്രവർത്തകരെ വിവിധ കമ്മിറ്റികളായി വിന്യസിച്ചിട്ടുണ്ടെന്നും ആത്മീയ നവീകരണത്തിനും സഭാ ഐക്യത്തിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായിരിക്കും ഇത്തവണത്തെ PCNAK സമ്മേളനമെന്നും സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

Preparations for PCNAK (Pentecostal Conference of North American Keralites) 2026 to be held in Chicago from July 2 to 5 are in the final stages.