
അനിൽ മറ്റത്തിക്കുന്നേൽ
ഷിക്കാഗോ, നവംബർ 16, 2026: യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ് അറ്റ് ഷിക്കാഗോ
(University of Illinois at Chicago) എന്നറിയപ്പെടുന്ന UIC-യുടെ സ്റ്റുഡന്റ് സെന്റർ ഈസ്റ്റിൽ നവംബർ 4-ന് നടന്ന അക്രമ സംഭവത്തിൽ 20 വയസ്സുള്ള വിദ്യാർഥി പുഗഴൻ തമിഴ്സാമി സത്യമൂർത്തിക്കെതിരെ ഫെഡറൽ കുറ്റം ചുമത്തി. ഷിക്കാഗോയിൽ താമസിക്കുന്ന സത്യമൂർത്തി പെട്രോൾ ബോംബ് (‘മൊളോട്ടോവ് കോക്ടെയിൽ’ ) കൈവശം വച്ചു എന്നതാണ് ആരോപിച്ചിരിക്കുന്ന കുറ്റം. രജിസ്റ്റർ ചെയ്യാത്ത വിനാശകാരിയായ ഉപകരണം കൈവശം വെച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ഷിക്കാഗോയിലെ യു.എസ്. ജില്ലാ കോടതിയിൽ സമർപ്പിച്ച ക്രിമിനൽ പരാതി നവംബർ 16 തിങ്കളാഴ്ച പരസ്യമാക്കിയതായി ഇല്ലിനോയ് നോർത്തേൺ ഡിസ്ട്രിക്റ്റിലെ യു.എസ്. അറ്റോർണി ഓഫീസ് അറിയിച്ചു.
നവംബർ 4-ന് ഉച്ചയ്ക്കുശേഷം സൗത്ത് ഹാൾസ്റ്റെഡ് സ്ട്രീറ്റിലെ സ്റ്റുഡന്റ്സെന്റർ ഈസ്റ്റിന്റെ രണ്ടാം നിലയിലാണ് സംഭവം. ഫെഡറൽ പരാതിയനുസരിച്ച്, കത്തുന്ന പെട്രോൾ ബോംബ് സത്യമൂർത്തി ഒരാളുടെ നേരെ എറിഞ്ഞെന്നാണ് ആരോപണം. ഉപകരണം നിലത്തുവീണപ്പോൾ പക്ഷേ തീ അണഞ്ഞതായി പരാതിയിൽ പറയുന്നു. പിന്നാലെ സത്യമൂർത്തി കത്തി പുറത്തെടുത്ത് കുത്താൻ ശ്രമിച്ചെന്നും ആക്രമണത്തിന് ഇരയായ വ്യക്തി രക്ഷപ്പെട്ടെന്നും പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. കുത്താൻ ശ്രമിച്ചത്ഒരു വിദ്യാർഥിയെയാണെന്ന് UIC അന്നുതന്നെ അറിയിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
സംഭവത്തിനു പിന്നാലെ UIC പൊലീസ് സത്യമൂർത്തിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളുടെ ബാക്ക്പാക്ക് പരിശോധിച്ചപ്പോൾ സമാനമായ രണ്ട് ഉപകരണങ്ങൾ കണ്ടെത്തിയെന്നാണ് ഫെഡറൽ പരാതിയിൽ പറയുന്നത്. കുത്താൻ ശ്രമിച്ചെന്ന ആരോപണം പരാതിയിലെ സംഭവവിവരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, തിങ്കളാഴ്ച പരസ്യമാക്കിയ ഫെഡറൽ പരാതിയിൽ ചുമത്തിയിരിക്കുന്ന ഏക കുറ്റം റജിസ്റ്റർ ചെയ്യാത്ത വിനാശകാരിയായ ഉപകരണം കൈവശം വെച്ചുവെന്നതാണ്.
സുരക്ഷാ നടപടികളുടെ ഭാഗമായി നവംബർ 4-ന് സ്റ്റുഡന്റ് സെന്ററിൽനിന്ന്ആളുകളെ ഒഴിപ്പിക്കുകയും അന്നത്തെ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവരുടെയും ക്യാംപസ് സുരക്ഷാ ജീവനക്കാരുടെയും സമയോചിതമായ ഇടപെടലാണ് വിദ്യാർഥിയെ ഉടൻ കസ്റ്റഡിയിലെടുക്കാൻ സഹായിച്ചതെന്ന് UIC അറിയിച്ചു. ക്യാംപസിന്തു ടർന്നുള്ള സുരക്ഷാഭീഷണിയില്ലെന്നും നവംബർ 5-ന് രാവിലെ 6.30-ന് കെട്ടിടം വീണ്ടും തുറക്കുമെന്നും സർവകലാശാല അന്നത്തെ അറിയിപ്പിൽ വ്യക്തമാക്കി.
പിന്തുണ ആവശ്യമുള്ള വിദ്യാർഥികൾക്ക് കൗൺസലിങ് സെന്റർ, ഡീൻ ഓഫ്സ്റ്റുഡന്റ്സ് ഓഫീസ്, വെൽനെസ് സെന്റർ എന്നിവയെ സമീപിക്കാമെന്നും UIC അറിയിച്ചു.
നവംബർ 16-ന് രാവിലെ സത്യമൂർത്തിയെ ഫെഡറൽ കസ്റ്റഡിയിലെടുത്തു. അന്നേ ദിവസം
ഉച്ചയ്ക്ക് രണ്ടിന് ഷിക്കാഗോയിലെ ഫെഡറൽ കോടതിയിൽ മജിസ്ട്രേറ്റ് ജഡ്ജി
യങ് ബി. കിമ്മിന് മുന്നിൽ ആദ്യമായി ഹാജരാക്കാനാണ് നിശ്ചയിച്ചിരുന്നതെന്ന്
യു.എസ്. അറ്റോർണി ഓഫീസ് അറിയിച്ചു. കുറ്റം തെളിഞ്ഞാൽ പരമാവധി പത്ത് വർഷം
വരെ ഫെഡറൽ തടവുശിക്ഷ ലഭിക്കാം. കോടതിയിൽ കുറ്റം തെളിയുന്നതുവരെ
സത്യമൂർത്തിയെ നിരപരാധിയായി കണക്കാക്കണം.















