
ടെക്സസ്: ടെക്സസിലെ ഡില്ലിയിലുള്ള ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിന് പുറത്ത് പ്രതിഷേധക്കാരും നിയമപാലകരും തമ്മിൽ വലിയ തോതിലുള്ള ഏറ്റുമുട്ടൽ നടന്നു. മിനിയാപൊളിസിൽ നിന്ന് കസ്റ്റഡിയിലെടുത്ത ലിയാം റാമോസ് എന്ന അഞ്ച് വയസ്സുകാരനെയും പിതാവിനെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് സൗത്ത് ടെക്സസ് ഫാമിലി റെസിഡൻഷ്യൽ സെന്ററിന് മുന്നിൽ പ്രതിഷേധം നടന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2:30-ഓടെയാണ് സംഘർഷം ആരംഭിച്ചത്. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥർ കണ്ണീർവാതകവും പെപ്പർ ബോളുകളും പ്രയോഗിച്ചു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും രണ്ട് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയെ സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് അംഗം ജോക്വിൻ കാസ്ട്രോ ഉൾപ്പെടെയുള്ള നിയമനിർമ്മാണ സഭാംഗങ്ങളുടെ സന്ദർശന വേളയിലാണ് ഈ സംഘർഷങ്ങൾ ഉണ്ടായത്. ഇക്വഡോറിൽ നിന്നുള്ള ലിയാം റാമോസിനെ മിനസോട്ടയിലെ വസതിക്ക് മുന്നിൽ നിന്നാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇത് വലിയ തോതിലുള്ള മനുഷ്യാവകാശ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ജനുവരി 20-ന് പ്രീ-സ്കൂൾ കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലെത്തിയപ്പോഴാണ് ലിയാമിനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഇക്വഡോറിൽ നിന്നുള്ള ഈ കുടുംബം 2024-ൽ അഭയാർത്ഥി അപേക്ഷ നൽകി നിയമപരമായാണ് അമേരിക്കയിൽ താമസിച്ചിരുന്നതെന്ന് അവരുടെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.
Protests outside immigration detention center demanding release of 5-year-old detained in Minneapolis.















