രാജ്യത്തെ നടുക്കിയ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ ഭീകരൻ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വെച്ച് വ്യാഴാഴ്ച അജ്ഞാതരായ അക്രമികളുടെ വെടിയേറ്റാണ് ഇയാൾ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരോധിത ഭീകര സംഘടനയായ അൽ ബദറിലെ മുതിർന്ന കമാൻഡറായ ഇയാളെ ഇന്ത്യ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതാണ്. ഒന്നിലധികം വെടിയുണ്ടകളേറ്റ ബുർഹാൻ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. സമീപകാലത്തായി പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി നിരവധി ഇന്ത്യ വിരുദ്ധ ഭീകരർ സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു.
പുൽവാമ സ്വദേശിയായ ഇയാൾ ‘ഡോക്ടർ’ എന്ന പേരിലാണ് ഭീകരർക്കിടയിൽ അറിയപ്പെട്ടിരുന്നത്. 2017-ൽ ഉന്നത പഠനത്തിനെന്ന വ്യാജേന പാകിസ്ഥാനിലേക്ക് കടന്ന ബുർഹാൻ പിന്നീട് അൽ ബദർ സംഘടനയിൽ ചേരുകയും കമാൻഡർ പദവിയിലെത്തുകയുമായിരുന്നു. തുടർന്ന് കശ്മീരിലെ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും ഇയാൾ നേതൃത്വം നൽകി. രാജ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയായതിനെ തുടർന്ന് 2022-ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ ഔദ്യോഗികമായി ഭീകരനായി പ്രഖ്യാപിച്ചത്.
40 സിആർപിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ 2019 ഫെബ്രുവരി 14-ലെ പുൽവാമ ലെത്പോറ ആക്രമണം ഉൾപ്പെടെ ജമ്മു കശ്മീരിൽ നടന്ന നിരവധി ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഹംസ ബുർഹാനായിരുന്നു. സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റാൻ ജെയ്ഷെ മുഹമ്മദ് ഭീകരർക്ക് ആവശ്യമായ പ്രാദേശിക സഹായങ്ങളും ഗൂഢാലോചനയും ഒരുക്കിയത് ഇയാളാണ്. ബുർഹാന്റെ മരണം അതിർത്തി കടന്നുള്ള ഭീകരവാദ ശൃംഖലകൾക്ക് ഏറ്റ കടുത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
Pulwama Attack Mastermind and Wanted Terrorist Hamza Burhan Shot Dead by Unidentified Gunmen in PoK













